പ്രദക്ഷിണ പകിട്ടോടെ പാവറട്ടി തിരുനാള്‍ സമാപിച്ചു


സെന്റ് ജോസഫ് തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥത്തിരുനാള്‍ സമാപിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 2 മുതല്‍ 9 വരെ തുടര്‍ച്ചയായ ദിവ്യബലി നടന്നു. ഇംഗഌഷ് കുര്‍ബാനയ്ക്ക് മേരിമാത ജേമര്‍ സെമിനാരി റെക്ടര്‍ ഫാ. ബാബു പാണാട്ടുപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

 തടര്‍ന്നുനടന്ന തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. ജെയ്‌സണ്‍ വടക്കേത്തല മുഖ്യകാര്‍മികനായി. ഫാ. ഫ്രാന്‍സിസ് ആളൂര്‍ സന്ദേശം നല്‍കി.. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള്‍പ്രദക്ഷിണവും.  സിമന്റ്-പെയിന്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന വെടിക്കെട്ടിന് കണ്‍വീനര്‍ വി.ആര്‍. ആന്റോ തിരികൊളുത്തി. പ്രദക്ഷിണച്ചടങ്ങുകള്‍ക്ക് വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, ട്രസ്റ്റിമാരായ ഇ.എല്‍. ജോയ്, പി.ഐ. ഡേവിസ്, അഡ്വ. ജോബി ഡേവിസ്, സി.എ. സണ്ണി, പബ്ലിസിറ്റി കണ്‍വീനര്‍ വി.ജെ. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.


പ്രദക്ഷിണത്തിന് വെള്ളി, സ്വര്‍ണ്ണക്കുരിശുകളും വാദ്യമേളങ്ങളും വര്‍ണ്ണവൈവിധ്യമാര്‍ന്ന അഞ്ഞൂറില്‍പ്പരം മുത്തുക്കുടകളും ലില്ലിപ്പൂക്കളും അണിനിരന്നു. തിരുനാള്‍ ഊട്ടുസദ്യക്ക് ഒന്നരലക്ഷത്തോളം പേര്‍ പങ്കെടുത്തു. വൈകീട്ട് നടന്ന തമിഴ് കുര്‍ബാനയ്ക്ക് ഫാ. സെബി വെള്ളാനിക്കാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പള്ളിവക ചെറിയ വെടിക്കെട്ട് നടത്തി.


എട്ടാമിടം തിരുനാള്‍ വരെ വിവിധ ആഘോഷപരിപാടികള്‍ അരങ്ങേറും. 24നാണ് തീര്‍ത്ഥകേന്ദ്രത്തില്‍ എട്ടാമിടം തിരുനാള്‍.

എട്ടാമിടം തിരുനാള്‍ ദിവസം രാവിലെ പത്തിന് ആഘോഷമായ പാട്ടുകുര്‍ബാന, തുടര്‍ന്ന് ഭണ്ഡാരം തുറക്കല്‍, വൈകീട്ട് അഞ്ചിനും ഏഴിനും ദിവ്യബലി. തുടര്‍ന്ന് തെക്ക് സൗഹൃദവേദിയുടെ നേതൃത്വത്തില്‍ തിരുസന്നിധിമേളം അരങ്ങേറും.

TAG
Author Avatar

“Teachers can change lives with just the right mix of chalk and challenges.”