പരാമര്‍ശം ഒരുകാരണവശാലും ദുരുദ്ദേശ്യപരമോ വര്‍ഗീയ ഉദ്ദേശ്യത്തോടുകൂടിയുള്ളതോ ആയിരുന്നില്ല


മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ നടത്തിയ പ്രസ്താവനയെത്തുടര്‍ന്ന് ക്രൈസ്തവസഭയും എസ്.എന്‍.ഡി.പി.യോഗവുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായി.
കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കല്‍ എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇരുസമുദായങ്ങളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി ഇരുവരും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ക്രൈസ്തവസഭയും ഈഴവസമുദായവും തമ്മിലുള്ള സ്‌നേഹത്തിന്റെ അന്തരീക്ഷം നിലനില്‍ക്കണമെന്ന് ബിഷപ്പ് മാത്യു അറയ്ക്കല്‍ പറഞ്ഞു. മനഃപൂര്‍വമല്ലാത്ത പ്രസ്താവനയുടെ പേരില്‍ ഇരുസമുദായത്തിന്റെയും സ്‌നേഹത്തിന്റെ അന്തരീക്ഷം നഷ്ടപ്പെടരുത്. വെള്ളാപ്പള്ളി നടേശനോടും സമുദായ അംഗങ്ങളോടും സ്‌നേഹവും ബഹുമാനവുമാണ് ഉള്ളതെന്നും ബിഷപ്പ് പറഞ്ഞു.
പ്രസ്താവന ഇറക്കിയ ആളുകളുടെ പ്രായം പരിഗണിച്ച് എല്ലാം മറക്കുകയാണെന്ന് അദ്ദേഹം മനഃപൂര്‍വം പറഞ്ഞതല്ലെന്നും മനസ്സിലായെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഈ വിഷയത്തില്‍ എസ്.എന്‍.ഡി.പി.യോഗവും യൂത്ത് മൂവ്‌മെന്റും നടത്തുന്ന എല്ലാ പ്രതിഷേധങ്ങളും നിര്‍ത്തിവയ്ക്കാന്‍ വെള്ളാപ്പള്ളി നിര്‍ദേശിച്ചു. ഇരുസമുദായങ്ങള്‍ക്കും ഉണ്ടായ വിഷയങ്ങള്‍ പരസ്പരം മറന്ന് സഹോദരസ്‌നേഹത്തോടെ പ്രവര്‍ത്തിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.


പ്രസ്താവനയില്‍ നിന്ന്: 
രൂപതയിലെ വിശ്വാസികളുടെ പ്രതിനിധികളോട് സംസാരിക്കുന്നതിനിടയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്. വിശ്വാസജീവിതത്തില്‍ ഉണ്ടാകേണ്ട ജാഗ്രതയെക്കുറിച്ചും സംഭവിച്ചേക്കാവുന്ന അപചയങ്ങളെക്കുറിച്ചുമാണ് സംസാരിച്ചത്. ഇടുക്കി രൂപതാദ്ധ്യക്ഷന്‍ എന്ന നിലയില്‍ രൂപതയുടെ ആരംഭം മുതല്‍ ഈ പ്രദേശത്തിന്റെ എല്ലാ ആവശ്യത്തിനും വേണ്ടി ജാതിമതഭേദമെന്യേ നിലകൊള്ളുന്നുണ്ട്. ഒരു സാഹചര്യത്തിലും വര്‍ഗീയതയുടെ ചേരിതിരിവ് ആഗ്രഹിക്കാത്ത പിതാവിന്റെ പ്രഭാഷണത്തില്‍ വന്നുപോയ പരാമര്‍ശം ഒരുകാരണവശാലും ദുരുദ്ദേശ്യപരമോ വര്‍ഗീയ ഉദ്ദേശ്യത്തോടുകൂടിയുള്ളതോ ആയിരുന്നില്ല. പിതാവ് സ്വന്തം മക്കള്‍ക്ക് നല്‍കുന്ന ഉപദേശം മാത്രമായി കരുതേണ്ടിയിരുന്ന പരാമര്‍ശം വിമര്‍ശനവിധേയമായതില്‍ ഖേദിക്കുന്നതായും ബിഷപ്പ് അറിയിച്ചു.
TAG
Author Avatar

Thrissur, Cochin, Qatar

 Call for your printing and designing Needs........ 919 486 722846, 914 842 388098