പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തിലെ ദുക്‌റാന ഊട്ട് തിരുനാള്‍ 3ന്‌


പാലയൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ മാര്‍ തോമാശ്ലീഹായുടെ സന്ദര്‍ശന തിരുനാള്‍ ജൂലായ് 3ന് നടത്തും. അര ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന ദുക്‌റാന ഊട്ടിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദുക്‌റാന തിരുനാള്‍ ദിവസമായ വെള്ളിയാഴ്ച രാവിലെ 10ന് സൗജന്യ ഊട്ട് സദ്യ ആരംഭിക്കും. രാവിലെ 6.30ന് രൂപം എഴുന്നള്ളിച്ച് വച്ച് നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനക്ക് റെക്ടര്‍ ഫാ. ജോണ്‍ അയ്യങ്കാനയില്‍ കാര്‍മ്മികത്വം വഹിക്കും. 9ന് തളിയക്കുളത്തില്‍നിന്ന് പ്രദക്ഷിണം, തുടര്‍ന്ന് തീര്‍ത്ഥകേന്ദ്രം അങ്കണത്തിലെ കൊടിമരത്തില്‍ തര്‍പ്പണതിരുനാളിന് മുന്നോടിയായുള്ള കൊടിയേറ്റം തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ അന്‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിക്കും. തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ ഊട്ടുസദ്യ ആശീര്‍വാദവും ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയും നടക്കും. ഊട്ടുസദ്യ വൈകീട്ട് 4വരെ നടത്തും.

തീര്‍ത്ഥകേന്ദ്രത്തിലെത്തുന്ന വിശ്വാസികള്‍ക്ക് മറ്റു വഴിപാടുകളായ നേര്‍ച്ചക്കുളി, മാര്‍ത്തോമ സമര്‍പ്പണം, വള-ശൂലം സമര്‍പ്പണം, നൊവേന എന്നിവ നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ തോമാശ്ലീഹായുടെ തിരുശേഷിപ്പുകള്‍ പൊതുവണക്കത്തിന് വയ്ക്കും.

മാര്‍ തോമാശ്ലീഹ പാലയൂരിലെ തളിയക്കുളത്തില്‍ തര്‍പ്പണാത്ഭുതം നടത്തിയതിന്റെ സ്മരണ പുതുക്കുന്നതിന്റെ തര്‍പ്പണ തിരുനാള്‍ ജൂലായ് 11,12 തിയ്യതികളില്‍ ആഘോഷിക്കും.
TAG