BREAKING NEWS
Search

മനുഷ്യന്‍ ദൈവികരഹ്യങ്ങളില്‍ പ്രവേശിക്കണമെന്ന് പാപ്പാ

ഇത് ജാഗരാനുഷ്ഠാനത്തിന്‍റെ രാത്രിയാണ്. മഹനീയ രാത്രി! മിശിഹാനാഥന്‍റെ ഉത്ഥാന രാത്രി. ക്രിസ്തു ഉറങ്ങുകയല്ല. കാവല്‍ക്കാരന്‍ തന്‍റെ ജനത്തെ പാര്‍ത്തിരിക്കുവാനായി ഉണര്‍ന്നിരിക്കുന്നതുപോലെ... (സങ്കീ. 121, 4). നമ്മെ അടിമത്വത്തില്‍നിന്നും സ്വാതന്ത്ര്യത്തിലേയ്ക്കു നയിക്കുവാന്‍ ഉണര്‍ന്നിരിക്കുന്നു. കര്‍ത്താവ് തന്‍റെ ജനത്തെ കാത്തുപാലിച്ച് അവരെ ചെങ്കടലിലൂടെ നയിച്ചു. അവിടുന്ന് ഇതാ, ക്രിസ്തുവിനെയും മരണഗര്‍ത്തത്തിന്‍റെ മറുലോകത്തുനിന്നും ഉയര്‍ത്തിയിരിക്കുന്നു.

ക്രിസ്തുവിന്‍റെ മരണശേഷമുള്ള ജാഗരം ഭയവും ദുഃഖവും നിറഞ്ഞതായിരുന്നു. അവര്‍ മേല്‍മുറിയില്‍ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ അവരില്‍ ചില സ്ത്രീകള്‍ ആഴ്ചയുടെ ആദ്യവട്ടം ഞായര്‍ പ്രഭാതത്തില്‍ ക്രിസ്തുവിന്‍റെ മൃതദേഹത്തില്‍ തൈലാഭിഷേകം നടത്തുവാനായി കല്ലറയില്‍ ചെന്നു. എങ്ങനെ കല്ലറയില്‍ പ്രവേശിക്കും, തങ്ങള്‍ക്കായി ആര് വാതുക്കലുള്ള കല്ലുമാറ്റിത്തരും? ഈ വ്യഥയിലാണ് അവര്‍ അവിടെ ചെന്നത്. എന്നാല്‍ ഒരു മഹല്‍ സംഭവത്തിന്‍റെ നാന്നിയെന്നോണം, കല്ലറയുടെ കവാടത്തിലെ വലിയ കല്ല് മാറ്റപ്പെട്ടിരിക്കുന്നു. കല്ലറ തുറന്നുകിടക്കുന്നു. അകത്തു കടന്നപ്പോള്‍ കല്ലറയുടെ വലതുഭാഗത്ത് ശുഭ്രവസ്ത്രധാരിയായ യുവാവ് ഇരിക്കുന്നതു കണ്ടു (മാര്‍ക്ക് 16, 5). അങ്ങനെ സ്ത്രീകളാണ് ആദ്യമായി ഉത്ഥാനത്തിന്‍റെ മഹത്തായ അടയാളങ്ങള്‍, ഉത്ഥാനപ്രഭ കണ്ടത്.

ക്രിസ്തുവിന്‍റെ കല്ലറയില്‍ നമുക്കും പ്രവേശിക്കാം. അവിടുത്തെ കല്ലറയില്‍ പ്രവേശിക്കുന്ന അനുഭവം നമുക്ക് നല്ലതാണ്. ഉത്ഥാനമഹോത്സവം ക്രിസ്തുവിനോടൊപ്പം കല്ലറയില്‍ പ്രവേശിക്കലാണ്, ഒരു വിധത്തില്‍. തന്‍റെ സ്നേഹാര്‍ദ്രമായ കാത്തിരിപ്പിലൂടെ ദൈവം ആര്‍ജ്ജിച്ച രക്ഷയുടെ രഹസ്യങ്ങളിലേയ്ക്കുള്ള പ്രവേശനമാണത്.

ഉത്ഥാനരഹസ്യങ്ങള്‍ മനസ്സിലാക്കാതെ അതെങ്ങനെയാണ് ആഘോഷിക്കുക? എന്നാല്‍ അത് ബുദ്ധിപരമായി വായിച്ചു മനസ്സിലാക്കേണ്ടതോ പഠിച്ചെടുക്കേണ്ടതോ അല്ല. അതിനും അപ്പുറത്തുള്ള ദൈവിക രഹസ്യങ്ങളിലേയ്ക്ക് കടന്നുചെല്ലുന്നത്. ആശ്ചര്യത്തോടെ അത് ധ്യാനിക്കുവാനും, ദൈവത്തിന്‍റെ ലോലമായ മര്‍മ്മരങ്ങള്‍ക്ക് പ്രശാന്തമായി കാതോര്‍ക്കുവാനും സാധിക്കുന്നതുമാണ് (1രാജാക്ക. 19, 12).

ദൈവിക രഹസ്യത്തിലേയ്ക്ക് പ്രവേശിക്കുക എന്നു പറയുമ്പോള്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളെ നമുക്ക് മറക്കാനാവില്ല – നമ്മിലേയ്ക്ക് ഒതുങ്ങി നമുക്ക് ഒളിച്ചിരിക്കുവാനോ, മറച്ചുവയ്ക്കുവാനോ സാധിക്കില്ല. മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങളില്‍ നിന്നോ യാഥാര്‍ത്ഥ്യങ്ങളില്‍നിന്നോ മറഞ്ഞിരിക്കകയല്ല വേണ്ടത്. അതുപോലെ അവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും, അവ നിഷേധിക്കുകയുമല്ല വേണ്ടത്. നമ്മുടെ സംശയങ്ങള്‍ പോലും മറച്ചുവയ്ക്കരുത്. ദൈവിക രഹസ്യങ്ങളിലേയ്ക്ക് പ്രവേശിക്കുന്നത്, സത്യാന്വേഷണത്തിനുള്ള സാദ്ധ്യതകള്‍ക്ക് തടസ്സംചെയ്യുന്ന നമ്മുടെ സുഖലോലുപതയുടെ മേഖല വിട്ടിറങ്ങുന്നതാണ്. അങ്ങനെ നമ്മുടെ വിശ്വാസത്തിന്‍റേയും വിശ്വസ്തതയുടെയും അസ്തിത്വത്തിന്‍റെതന്നെയും ആഴമായ തലങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന വെല്ലുവിളിയുടെ ആഭിമുഖ്യമാണത്.

ദൈവിക രഹസ്യങ്ങളിലേയ്ക്കു കടക്കണമെങ്കില്‍ വീണ്ടും നാം വിനയവും എളിമയും ഉള്‍ക്കൊണ്ട് സ്വയം താഴ്ത്തുന്നതും, നമ്മുടെ സ്വാര്‍ത്ഥമായ അഹങ്കാരത്തിന്‍റെ വെച്ചുകെട്ടുകളുടെ പീഠത്തില്‍നിന്നും താഴെയിറങ്ങുന്നതും, സ്വയം അംഗീകകരിക്കുന്നതുമായ അവസ്ഥയിലേയ്ക്ക് ഉയരേണ്ടിയിരിക്കുന്നു. അധികാര വികേന്ദ്രീകരണവും, വിനയവും ഇതിന് ആവശ്യമാണ്. കൂടാതെ വ്യക്തി ജീവിതത്തില്‍ പൂവിട്ടാരാധിക്കുന്ന സ്വാര്‍ത്ഥതയുടെ വിഗ്രഹങ്ങള്‍ പാടെ ഉപേക്ഷിച്ച് – നാം ദൈവത്തെ അന്വേഷിക്കുകയും ആരാധിക്കുകയും വേണം. ദൈവാവന്വേഷണമോ ആരാധനയോ ഇല്ലാതെ ദൈവികരഹസ്യങ്ങളിലേയ്ക്ക് നമുക്ക് പ്രവേശിക്കുവാനാവില്ല.

ക്രിസ്തുവിന്‍റെ ശിഷ്യഗണത്തില്‍ സ്ത്രീകള്‍ നമ്മെ ഇതെല്ലാം പഠിപ്പിക്കുന്നുണ്ട്. അവര്‍ മറിയത്തോടൊപ്പം, ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിച്ചവരാണ്. അവരുടെ വിശ്വാസവും പ്രത്യാശയും അറ്റുപോകാന്‍ മറിയം ഇടയാക്കിയില്ല. അതിനാല്‍ അവര്‍ ഭീതിക്കും വിഷാദത്തിനും അടിമകളാകാതെ ഉത്ഥാനപ്പുലരിയുടെ പൊന്‍വെളിച്ചത്തില്‍ തൈലവുമായി ക്രിസ്തുവിനെ തേടിപ്പുറപ്പെട്ടു. അതുവഴി അവരുടെ ഹൃദയങ്ങള്‍ സ്നേഹത്താല്‍ അഭിഷിക്തമായി. അവര്‍ അങ്ങനെ മുന്നോട്ടു ചെന്നപ്പോള്‍ തുറന്ന കല്ലറ കണ്ടു. അവര്‍ അതില്‍ പ്രവേശിച്ചു. ദിവ്യരഹസ്യങ്ങള്‍ അവര്‍ക്കപ്പോള്‍ വെളിപ്പെട്ടു കിട്ടി.

ജാഗരൂകരായിരുന്നവര്‍ ഉത്ഥാനത്തിന്‍റെ പ്രഭ കണ്ടു. അവരതില്‍ പ്രവേശിച്ചു. അതില്‍ മുഴുകി ആനന്ദിച്ചു. അങ്ങനെ പരിശുദ്ധ കന്യകാ മറിയത്തോടും ക്രിസ്തുവിനോടുമൊപ്പം ജീവിതയാത്രയില്‍ ജാഗരമനുഷ്ഠിക്കുവാനും ദിവ്യരഹസ്യങ്ങളില്‍ പങ്കുചേര്‍ന്ന് ജീവിക്കുവാനും നമുക്കും സാധിക്കട്ടെ!Pavaratty Shrine

The official web site of Pavaratty Shrine: www.pavarattyshrine.com St Joseph is the patron of this parish and plenty of pilgims flow everyday specially on wednesday.


0 thoughts on “മനുഷ്യന്‍ ദൈവികരഹ്യങ്ങളില്‍ പ്രവേശിക്കണമെന്ന് പാപ്പാ