ദീപാലങ്കാരം മിഴിതുറന്നു; പാവറട്ടി തിരുനാളിന് തുടക്കം


സാമ്പിള്‍ വെടിക്കെട്ടും തിരുമുറ്റമേളവും ആവേശമായി 

ആഘോഷമായ കൂടുതുറക്കല്‍, പ്രധാന വെടിക്കെട്ട് ഇന്ന് 

നേര്‍ച്ചയൂട്ടിന് ശനിയാഴ്ച തുടക്കം


എല്‍.ഇ.ഡി. ദീപങ്ങള്‍ മിഴിതുറന്നതോടെ പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ 139-ാം മദ്ധ്യസ്ഥ തിരുനാളിന് തുടക്കമായി. ജനസാഗരം ഒഴുകിയെത്തിയതോടെ തിരുസന്നിധി നിറഞ്ഞു. പാവറട്ടി ആശ്രമദേവലായം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

ഇലക്ട്രിക്കല്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ സാമ്പിള്‍ വെടിക്കെട്ടിന് മുന്നോടിയായി 139 എല്‍.ഇ.ഡി. ലൈറ്റുകള്‍ ഘടിപ്പിച്ച ബലൂണുകള്‍ വാനില്‍ പറത്തി. തുടര്‍ന്ന് നടന്ന ഇലക്ട്രിക്കല്‍ തൊഴിലാളികളുടെ സാമ്പിള്‍ വെടിക്കെട്ട് വാനില്‍ വിസ്മയം തീര്‍ത്തു. പ്രസിഡന്റ് ആന്റണി വെള്ളറ വെടിക്കെട്ടിന് തിരികൊളുത്തി. തുടര്‍ന്ന് തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ തിരുമുറ്റമേളത്തില്‍ പുരുഷാരം തിങ്ങിനിറഞ്ഞു. തീര്‍ത്ഥകേന്ദ്രം കൊടിമരത്തറയില്‍നിന്ന് വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂരിന്റെ ആശീര്‍വാദത്തോടെ മേളശ്രീ ചൊവ്വല്ലൂര്‍ മോഹനന്‍, ചൊവ്വല്ലൂര്‍ സുനില്‍ എന്നിവരുടെ പ്രാമാണികത്വത്തില്‍ 81 ഓളം കലാകാരന്‍മാര്‍ അണിനിരന്ന പാണ്ടിയുടെയും പഞ്ചാരിയുടെയും മേളത്തിമിര്‍പ്പ് ഭക്തസഹസ്രങ്ങളുടെ മനം കവര്‍ന്നു.

ശനിയാഴ്ച രാവിലെ 10ന് തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂരിന്റെ കാര്‍മ്മികത്വത്തില്‍ നൈവേദ്യപൂജയ്ക്ക് ശേഷം നേര്‍ച്ചഭക്ഷണ ആശീര്‍വാദവും നേര്‍ച്ചയൂട്ടും ഉണ്ടാകും. ഒരു ലക്ഷത്തില്‍പരം ആളുകള്‍ക്കാണ് നേര്‍ച്ചയൂട്ട് ഒരുക്കുന്നത്.

വൈകീട്ട് 5.30ന് നടക്കുന്ന സമൂഹബലിക്ക് രാമനാഥപുരം രൂപത മെത്രാന്‍ മാര്‍ പോള്‍ ആലപ്പാട്ട് കാര്‍മ്മികനാകും. വൈകീട്ട് തിരുനാള്‍ ആഘോഷത്തിന്റെ പ്രധാന ചടങ്ങായ കൂടുതുറക്കല്‍ ശുശ്രൂഷയും എഴുന്നള്ളിപ്പും നടക്കും. തുടര്‍ന്നാണ് പള്ളിവക പ്രധാന വെടിക്കെട്ട്. രാത്രി 12ന് വളയെഴുന്നള്ളിപ്പുകള്‍ ദേവാലയത്തിലെത്തിയ ശേഷം വടക്കുഭാഗത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് കലാപ്രകടനവും ഉണ്ടാകും. തിരുനാള്‍ ദിവസമായ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ ഒമ്പത് വരെ തുടര്‍ച്ചയായി ദിവ്യബലി, പത്തിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, വെടിക്കെട്ട് എന്നിവ നടക്കും. വൈകീട്ട് അഞ്ചിനും ഏഴിനും ദിവ്യബലി. രാത്രി 8.30ന് തെക്കുഭാഗം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെടിക്കെട്ടും അരങ്ങേറും.
TAG
Author Avatar

Thrissur, Cochin, Qatar

 Call for your printing and designing Needs........ 919 486 722846, 914 842 388098