ക്രൈസ്തവപീഡനത്തിന് ദൈവം അറുതിവരുത്തട്ടെയെന്ന് പാപ്പാ

പാക്കിസ്ഥാനിലെ ലാഹോറില്‍ ഞായറാഴ്ച രാവിലെ രണ്ടു ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെയുണ്ടായ ഭീകാരാക്രമണത്തിലും, അത് കാരണമാക്കിയ നിരവധി പേരുടെ മരണത്തിലും യാതനകളിലും പാപ്പാ ഫ്രാന്‍സിസ് ദുഃഖം രേഖപ്പെടുത്തി.

മാര്‍ച്ച് 15-ാം തയിതി ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥന പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്കു നേരെയുണ്ടായ ഭീകരരുടെ മൃഗീയമായ ആക്രമണത്തില്‍ പാപ്പാ ഖേദം പ്രകടിപ്പിച്ചത്. ക്രൈസ്തവരെയാണ് ഭീകരര്‍ വേട്ടയാടുന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. നിര്‍ദോഷികളായ ഈ മനുഷ്യര്‍ രക്തം ചിന്തേണ്ടിവരുന്നത് ക്രൈസ്തവരായതുകൊണ്ടു മാത്രമാണെന്ന്, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരം തിങ്ങിനിന്ന ഇരുപത്തയ്യായിരത്തോളം വരുന്ന ജനസമൂഹത്തോടും ലോകത്തോടുമായി പാപ്പാ വേദനയോടെ പ്രസ്താവിച്ചു. പരേതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, അവരുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും പാപ്പാ അനുശോചനം അറിയിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍റെ സമാധാനത്തിനും സഹവര്‍ത്തിത്വത്തിനുമായി ജനങ്ങള്‍ക്കൊപ്പം സകല നന്മകളുടെയും ഉറവിടമായ ദൈവത്തോട് പാപ്പാ മൗനമായി പ്രാര്‍ത്ഥിച്ചു. ലോകം മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന ക്രൈസ്തവ പീഡനത്തിന് ദൈവംതന്നെ അറുതിവരട്ടെയെന്നും, ലോകത്ത് സമാധാനം വളരട്ടെയെന്നും പാപ്പാ മനംനൊന്തു പ്രാര്‍ത്ഥിച്ചു.

പഞ്ചാബ് പ്രവിശ്യയിലുള്ള യുഹനാബാദിലെ കത്തോലിക്കാ ദേവാലയത്തിലും ക്രിസ്തുവിന്‍റെ നാമത്തിലുള്ള പ്രോട്ടസ്റ്റന്‍റ് ദേവാലയത്തിലുമാണ് ഞായറാഴ്ച രാവിലെ ആക്രമണമുണ്ടായത്. സ്ഫോടനത്തില്‍ 15 പേര്‍ മരിക്കുകയും എണ്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ 4 സുരക്ഷാഭടന്മാരുമുണ്ട്. പാക്കിസ്ഥാനിലെ ഇസ്ലാമിക തീവ്രവാദി സംഘടന താലിബാന്‍ ഈ കുട്ടക്കുരുതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 2014 സെപ്തംബറില്‍ പേഷവാറിലെ സകലവിശുദ്ധരുടെ ദേവാലയത്തില്‍ ഉണ്ടായ ആക്രമണത്തില്‍ 127 പേരാണ് കൊല്ലപ്പെട്ടത്.
TAG
Author Avatar

Thrissur, Cochin, Qatar

 Call for your printing and designing Needs........ 919 486 722846, 914 842 388098