പാപ്പാ ഫ്രാന്‍സിസ് നല്കുന്ന നവമായ അജപാലനശൈലി

അജപാലന ശുശ്രൂഷയുടെ നവമായ രൂപമാണ് പാപ്പാ ഫ്രാന്‍സിസ് ലോകത്തിനു നല്കുന്നതെന്ന്, മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്യേലെ പ്രസ്താവിച്ചു. 

ജൂലൈ 22-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രം ‘ലൊസര്‍വത്തോരെ റൊമാനോ’യ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ക്വേലെ ഇങ്ങനെ അഭിപ്രായപ്പെട്ടത്. 

കാലികവും ശക്തവുമായ പ്രവര്‍ത്തന ശൈലിയുടെ ബിംബങ്ങള്‍ മാതൃകയാക്കി ചൂണ്ടിക്കാണിച്ചുകൊണ്ട് അജപാലനശുശ്രൂഷയുടെ നവമായ രൂപങ്ങളാണ്, വിശിഷ്യ Evangelii Gaudium സുവിശേഷ സന്തോഷം എന്ന തന്‍റെ പ്രബോധനങ്ങളിലൂടെ പാപ്പാ ഫ്രാന്‍സിസ് സഭയിലെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും നല്കുന്നതെന്ന് കര്‍ദ്ദിനാള്‍ ക്വേലെ വ്യക്തമാക്കി. 

‘പാവങ്ങള്‍ക്കായുള്ള പാവപ്പെട്ടൊരു സഭ,’ എന്ന് തന്‍റെ സ്ഥാനാരോഹണത്തിന്‍റെ ഏതാനും നാളുകളെ തുടര്‍ന്ന് പ്രസ്താവിച്ച തനിമയാര്‍ന്ന പ്രയോഗംതന്നെ പാപ്പാ ഫ്രാന്‍സിസിന്‍റെ അജപാലന കാഴ്ച്ചപ്പാടും, തുടര്‍ന്നുള്ള കര്‍മ്മപദ്ധതികളും വ്യക്തമാക്കുന്നതാണെന്ന് കര്‍ദ്ദിനാള്‍ ക്യേലെ അഭിമുഖത്തില്‍ വിവരിച്ചു. 

‘ആടുകളുടെ മണമറിയുന്ന ഇടയനെ’ക്കുറിച്ച് വീണ്ടും അപ്പോസ്തോലിക പ്രബോധനത്തില്‍ പ്രതിപാദിക്കുമ്പോള്‍ പാപ്പാ ഫ്രാന്‍സിസ് വരച്ചുകാട്ടുന്നത്, ഇന്ന് അജപാലകര്‍ നല്ലിടയാനായ ക്രിസ്തുവിനെപ്പോലെ എത്രത്തോളം തങ്ങളുടെ ജനങ്ങളുടെകൂടെ ഉണ്ടായിരിക്കണം എന്നാണ് പാപ്പാ ഫ്രാന്‍സിസ് വെളിപ്പെടുത്തുന്നതെന്ന് കര്‍ദ്ദിനാള്‍ ക്യേലെ അഭിമുഖത്തില്‍ സമര്‍ത്ഥിച്ചു. 
TAG