പ്രാര്ത്ഥന

നമ്മളൊക്കെ പ്രാര്ത്ഥിക്കാന് പഠിച്ചിട്ടുള്ളവരും പ്രാര്ത്ഥിക്കുന്നവരുമാണ്. അമ്മയാണ് നമ്മെ പ്രാര്ത്ഥിക്കാന് പഠിപ്പിച്ചത്. ദൈവത്തെ യേശു എന്ന് വിളിക്കാനും യേശുവിനോട് നമ്മുടെ കൊച്ചു കൊച്ചുകാര്യങ്ങള് പറയാനും അമ്മ നമ്മെ പഠിപ്പിച്ചു. അന്നുമുതല് ഇന്നുവരെ നമ്മളൊക്കെ നന്നായി പ്രാര്ത്ഥിക്കാന് ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവരാണ്. എന്നാല് ഞാന് നന്നായി പ്രാര്ത്ഥിക്കുന്നു എന്നു പറയാന് നമ്മിലാരും ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല.

സ്നേഹം തന്നെയായ ദൈവത്തോട് അവിടുത്തെ മക്കളായ മനുഷ്യര് നടത്തുന്ന സുഭാഷണമാണ് പ്രാര്ത്ഥന. എന്നാല് പ്രാര്ത്ഥനയെന്ന പേരില് ഇന്നു നാം നടത്തുന്ന പലതും വെറും കര്മ്മങ്ങളും ചടങ്ങുകളും അനുഷ്ഠാനങ്ങളും മാത്രമാണ്. ദൈവത്തിന്റേയും മനുഷ്യരുടേയും ഹൃദയങ്ങള് തമ്മിലുള്ള സംഭാഷണമോ ബന്ധമോ അവിടെ നടക്കുന്നില്ല. എങ്കിലും പ്രാര്ത്ഥനയില് പങ്കെടുത്തു പ്രാര്ത്ഥിച്ചു എന്നു നാം കരുതുന്നു, ആശ്വസിക്കുന്നു. പക്ഷേ ദൈവാനുഭവം ഉണ്ടാകണമെന്നില്ല.

നമ്മുടെ യാചന, അപേക്ഷ, അഭ്യര്ത്ഥന, പ്ലാനുകള് ഇഷ്ടങ്ങള്, അഭിലാഷങ്ങള്, തീരുമാനങ്ങള് ഇവയെല്ലാം നടപ്പില് വരുത്തേണ്ട ആജ്ഞാനുവര്ത്തിയായി ദൈവത്തെ കാണുന്നവരുണ്ട്. അത് ശരിയല്ല. ദൈവത്തില് നിന്നു ദാനമായി ലഭിച്ചതു മാത്രമേ നമുക്കുള്ളൂ. ദാനം ലഭിക്കുന്നത് നമ്മുടെ അവകാശംകൊണ്ടല്ലാ ദൈവത്തിന്റെ കൃപകൊണ്ടാണെന്ന് നാം മനസ്സിലാക്കാതെ പോകുന്നു.

സ്നേഹം തന്നെയായ ദൈവം നമ്മുടെ പിതാവാണെന്നും നാം ദൈവത്തിന്റെ സ്നേഹത്തില് നിന്നും ജനിച്ച മക്കളാണെന്നും മസ്സിലാക്കുന്പോള് നാം പ്രാര്ത്ഥിക്കുവാന് തുടങ്ങും. നന്നായി പ്രാര്ത്ഥിക്കുന്നവന് നന്നായി ജീവിക്കുന്നു എന്നൊരു ചൊല്ലുണ്ട്. നമ്മുടെ ജീവിതത്തില് എന്തെങ്കിലും കുറവുണ്ടെങ്കില് നമ്മുടെ പ്രാര്ത്ഥനയ്ക്ക് എന്തോ കുറവുണ്ട് എന്ന് നമുക്ക് അനുമാനിക്കാം. ഒരു സൗഹൃദത്തിലേയ്ക്ക് നമ്മെ ക്ഷണിച്ചുകൊണ്ട് നമ്മോടു സംസാരിച്ചുകൊണ്ട്, നമ്മോടുകൂടെ നടക്കുന്ന ദൈവത്തോടുള്ള സംസാരമാണ് പ്രാര്ത്ഥന. ഈ പ്രാര്ത്ഥനയുടെ സൗന്ദര്യം നമുക്കാസ്വദിക്കാം ദൈവത്തോടു ചേര്ന്നിരുന്നുകൊണ്ട്.
സ്നേഹത്തോടെ
ഫാ. ബിനോയ് ചാത്തനാട്ട്.
TAG
Author Avatar

“Teachers can change lives with just the right mix of chalk and challenges.”