ജപമാലമാസം
ഒക്ടോബര് മാസത്തില് ജപമാലയെക്കുറിച്ച് ചിന്തിക്കുന്നത് തികച്ചും ഉചിതമാണ്. ജപമാലയ്ക്ക് ഇംഗ്ലീഷില് ഞീമെൃ്യ എന്നാണ് പേര്. മൂലാര്ത്ഥം എടുത്താല് ‘പനിനീര് പൂന്തോട്ടം’ എന്ന് അര്ത്ഥം വരും. ‘റോസ്’ എന്ന വാക്കിന് ‘‘സ്തുതി” എന്നൊരു സങ്കല്പവും കൂടിയായാല് ‘റോസറി’ എന്നതിന് ‘സ്തുതികളുടെ കൂട്ടം‘ എന്ന് അര്ത്ഥമാക്കാം. ജപമാല പ്രാര്ത്ഥനകള് പലമതങ്ങളിലുമുണ്ട്. പ്രാര്ത്ഥനാ രീതിയുടെ സൗകര്യമായിരിക്കാം മതങ്ങളൊക്കെ ഈ രീതി തെരഞ്ഞെടുക്കാന് കാരണമായത്. കുര്ബ്ബാനയും കൂദാശകളും കഴിഞ്ഞാല് സാര്വ്വത്രിക സഭയില് ഏറ്റവും വ്യാപകമായ ജനകീയ പ്രാര്ത്ഥന ജപമാലയാണ്. സമൂഹത്തിന്റെ കൂട്ടപ്രാര്ത്ഥനയായോ വ്യക്തിയുടെ സ്വകാര്യ പ്രാര്ത്ഥനയായോ ഉപയോഗിക്കാവുന്നതാണ് ഈ പ്രാര്ത്ഥനാമാല്യം.
ലളിതമാണ് ഈ പ്രാര്ത്ഥന എന്നതുപോലെ ഉദാത്തവുമാണത്, ഒപ്പം സന്പൂര്ണ്ണമായ പ്രാര്ത്ഥനയാണത്. അതിലൂടെ ദൈവത്തിന് സ്തുതിയും മനുഷ്യ ജീവിതത്തിന് സനാതന പാഠങ്ങളും ലഭിക്കുന്നു.
ജപമാല പ്രാര്ത്ഥനയെ പ്രകീര്ത്തിച്ചുകൊണ്ട് മാര്പാപ്പമാര് പല ലേഖനങ്ങളും സന്ദേശങ്ങളും നല്കിയിട്ടുണ്ട്. പ്രാര്ത്ഥനാനുഭവമെടുക്കുകയാണെങ്കില് ജപമാല ഒരേ സമയം ധ്യാനാത്മകവും ഒപ്പംതന്നെ വാചികവുമാണ്. യേശുവിന്റേയും പരിശുദ്ധ അമ്മയുടേയും ജീവിതത്തിലെ സുപ്രധാനങ്ങളായ ഇരുപതു രംഗങ്ങള് ധ്യാനവിഷയങ്ങളായി വരുന്നുണ്ട് ജപമാലയില്. ഇവയെല്ലാം രക്ഷാകര രഹസ്യങ്ങളുമാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ മൗലിക രഹസ്യങ്ങളാണ് ഇവ നമുക്ക് സമ്മാനിക്കുന്നത്. ഈ വിഷയങ്ങളും ആത്മാവിനെ തൊടുന്ന ഇവയുടെ ഇരുനൂറ് അര്ത്ഥാന്തരങ്ങളും കൊണ്ട് ജീവിതസ്പര്ശിയാക്കാവുന്ന പ്രാര്ത്ഥനയാണ് ജപമാല എന്ന് ചുരുക്കം.
ജപമാല മാസത്തിന്റെ എല്ലാ നന്മകളും നേരുന്നു.
നന്ദിയോടെ,
നിങ്ങളുടെ സ്വന്തം
നോബി അച്ചന്.

TAG