മരണം ജീവിതത്തിന്‍റെ സമാഹാരമാണ്

നവംബര്‍ മാസം മരണത്തെക്കുറിച്ച് പ്രത്യേകമായി ഓര്‍ക്കുന്ന മാസമാണ്. നമുക്ക് മരണത്തെക്കുറിച്ച് ധ്യാനാത്മകമായി ചിന്തിക്കാം. മരണം ഒരു വലിയ സത്യമാണ്. ജനിച്ചവരൊക്കെ മരിക്കുന്നു. ലോകാവസാനം എന്ന് കേള്‍ക്കുന്പോള്‍ ഭയപ്പെടേണ്ട കാര്യമില്ല. നമ്മുടെ ഓരോരുത്തരുടേയും ജീവന്‍ നമ്മില്‍ നിന്ന് പിരിയുന്പോള്‍ നമ്മുടെ ലോകം അവസാനിക്കുന്നു. മരണാനന്തര ജീവിതത്തിന് ഇഹത്തില്‍ തന്നെ നാം ഒരുങ്ങി ജീവിക്കണം. ക്രൈസ്തവ വിശ്വാസമനുസരിച്ച് മരണം സകലത്തിന്‍റേയും അവസാനമല്ല. മരണത്തിലൂടെ ആത്മാവും ശരീരവുമുള്ള മനുഷ്യന്‍ തന്‍റെ ശരീരത്തെ വെടിഞ്ഞ് ആത്മാവിന്‍റെ അനശ്വരതയിലേയ്ക്ക് പ്രവേശിക്കുന്നു. നന്നായി ചെലവഴിച്ച ദിവസം സുഖനിദ്ര ലഭിക്കുന്നതുപോലെ നന്നായി കഴിച്ച ജീവിതം സന്തോഷകരമായ മരണം പ്രദാനം ചെയ്യുന്നു.
ധനവാന്‍റേയും ലാസറിന്‍റേയും ഉപമയിലൂടെ യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു വലിയ സത്യമുണ്ട്. മരണശേഷം അബ്രാഹത്തിന്‍റെ മടിയില്‍ ലാസറിനേയും നരകത്തില്‍ പീഡകളനുഭവിക്കുന്ന ധനവാനേയും ചൂണ്ടിക്കാണിച്ച് യേശു ഭൂമിയിലെ “നീതിമാന്‍” ചമഞ്ഞുനടക്കുന്ന ദുഷ്ടരോട് യാഥാര്‍ത്ഥനീതിയുടെ വഴി കാണിച്ചുകൊടുക്കുന്നുണ്ട്. ചെയ്യണ്ട നന്മയെന്താണെന്നറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നത് പാപമാണെന്ന തിരിച്ചറിവിന്‍റെ ബോധത്തിലേക്കാണ് വചനം മിഴിതുറക്കുന്നത്. നല്ലതു പ്രവര്‍ത്തിച്ചാല്‍ നല്ല ഫലവും ദുഷ്ടത പ്രവര്‍ത്തിച്ചാല്‍ ചീത്തഫലവും ലഭിക്കുമെന്നത് പ്രകൃതിയും ജീവിതവും നമ്മെ പഠിപ്പിക്കുന്ന വലിയ പാഠമാണ്.
ഈ ലോകത്തില്‍ നിക്ഷേപം സൂക്ഷിക്കുന്നവന്‍ മരണത്തോടെ വിസ്മരിക്കപ്പെടും. എന്നാല്‍ നിത്യരക്ഷയെ നോക്കി പ്രതീക്ഷയോടെ ജീവിക്കുന്നവര്‍ മരണശേഷം ദൈവത്തോടൊപ്പം ജീവിക്കും. അതാണ് പറയുന്നത് “ജീവിക്കുന്പോഴാണ് മരിക്കുന്നത്, മരിക്കുന്പോഴാണ് ജീവിക്കുന്നത്” എന്ന്. ചിന്തോദ്ദീപകമായ ഒരു ചിന്താശകലം വായിച്ചത് ഓര്‍ക്കുന്നു. “അന്ത്യത്തെക്കുറിച്ച് നന്നായി ചിന്തിക്കാതെ ഒന്നും ആരംഭിക്കരുത്”. പഴയ കാരണവന്മാര്‍ പറയാറില്ലേ “വരും വരാഴിക നോക്കാതെ എടുത്തുചാടരുത്”. ചാടുന്നതിനുമുന്പ് ചാടിവീഴാന്‍ പോകുന്ന സ്ഥലനിരീക്ഷണം ആവശ്യമാണ്. അതുകൊണ്ടാണ് ഇംഗ്ലീഷില്‍ ഒരു പഴമൊഴി “ഘീീസ യലളീൃല ്യീൗ ഹലമു”.
നമുക്ക് ജാഗ്രതയോടെ ജീവിക്കാം. ദൈവപ്രമാണങ്ങള്‍ അനുസരിക്കാം. യേശുവിന്‍റെ സ്നേഹപ്രമാണങ്ങള്‍ ജീവിക്കുന്നവരാകാം. “എന്‍റെ ഏറ്റവും എളിയ സഹോദരന്മാരില്‍ ഒരുവന് ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തു തന്നത്” എന്ന വലിയ ചിന്ത എപ്പോഴും നമ്മുടെ മനസ്സില്‍ അലയടിക്കട്ടെ. വചനം പാലിച്ച് നല്ല മക്കളായി, നിത്യജീവനെ ലക്ഷ്യമാക്കി നമുക്ക് ജീവിക്കാം.
എല്ലാവര്‍ക്കും നന്മ നേരുന്നു.

നിങ്ങളുടെ സ്വന്തം
നോബി അച്ചന്‍.
TAG