അരനൂറ്റാണ്ടു പിന്നിടുന്ന അനീതി ഭാരതത്തിലെ ക്രൈസ്തവ മുസ്ലിം ദലിത് വിവേചനം

ക്രൈസ്തവ മുസ്ലീം ദലിത് സമൂഹങ്ങള്‍ ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ആഗസ്റ്റ് 2-ാം തിയതി വ്യാഴാഴ്ചയാണ് ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ ക്രൈസ്തവ മുസ്ലിം ദലിതര്‍ നീതിക്കായി കാലവര്‍ഷക്കാല പ്രതിഷേധ മാര്‍ച്ചു പാര്‍ളിമെന്‍റിലേയ്ക്കു നടത്തിയത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ആരംഭിച്ച പ്രതിഷേധ മാര്‍ച്ച്, സിബിസിഐ ദലിത് കമ്മിഷന്‍ ചെയര്‍മാന്‍, ബിഷപ്പ് അന്തോണിസ്വാമി നീതിനാഥനാണ്, 5 കിലോമീറ്റര്‍ അകലെയുള്ള പാര്‍ളിമെന്‍റ് മന്ദിരത്തിലേയ്ക്കു നയിച്ചത്. ഭാരതത്തിലെ മറ്റു മതസ്തരായ ദലിതര്‍ക്ക് ഭരണഘടന അനുവദിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്കുമ്പോള്‍, ക്രൈസ്തവര്‍ക്കും മുസ്ലീംഗങ്ങള്‍ക്കും മാത്രം അതു നിഷേധിക്കുന്ന അരനൂറ്റാണ്ടു പഴക്കമുള്ള അനീതിക്ക് അറുതി വരുത്തണമെന്ന് തമിഴ്നാട്ടിലെ ചിങ്കല്‍പ്പെട്ട് രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് നീതിനാഥന്‍ പ്രതിഷേധ പദയാത്ര ഉത്ഘാടനംചെയ്തുകൊണ്ട് അഭ്യര്‍ത്ഥിച്ചു .

ദളിത് ക്രൈസ്തവര്‍ കരിദിനം ആചരിച്ചു
സംവരണാനുകൂല്യങ്ങള്‍ തങ്ങള്‍ക്കു നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ഭാരതത്തിലെ ദളിത് ക്രൈസ്തവര്‍ 10ാം തിയതി വെള്ളിയാഴ്ച കരിദിനം ആചരിച്ചു. കരിദിനാചരണത്തോടനുബന്ധിച്ച് ദേശീയ ദളിത് ക്രൈസ്തവ സമിതി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് ഡല്‍ഹി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് വിന്‍സന്‍റ് കൊണ്‍സ്സസാവോയും ഉത്തരേന്ത്യയിലെ പ്രൊട്ടസ്റ്റന്‍റ് സഭയുടെ ജനറല്‍ സെക്രട്ടറി അല്‍വാന്‍ മാസിയും നേതൃത്വം നല്‍കി. ഇന്ത്യന്‍ ഭരണഘടന ദളിതര്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കു ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ദളിത് ക്രൈസ്തവരും മുസ്ലീമുകളും ആഗസ്റ്റ് ഒന്നാം തിയതി പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. ദളിത് ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കണമെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ ബിഷപ്പ് എ. നീതിനാഥന്‍ ഇന്ത്യയിലെ എല്ലാ കത്തോലിക്കാ സഭാമേലധ്യക്ഷന്‍മാരോടും അഭ്യര്‍ത്ഥിച്ചു. ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയ‍െടുക്കാന്‍ വേണ്ടി ദളിത് ക്രൈസ്തവരും മുസ്ലീമുകളും നടത്തുന്ന കൂട്ടായ പരിശ്രമം വിജയം വരിക്കുമെന്നും ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.
TAG