BREAKING NEWS
Search

കുന്പസാരത്തില് എല്ലാ പാപങ്ങളും ക്ഷമിക്കപ്പെടുമോ ക്ഷമിക്കപ്പെടാത്ത പാപങ്ങള് എന്നൊരു ഗണം ഉണ്ടോ പരിശുദ്ധാത്മാവിനെതിരായ പാപങ്ങള് ക്ഷമിക്കപ്പെടുകയില്ല എന്ന ഈശോയുടെ വാക്കുകള്ക്ക് എന്താണര്ത്ഥം?


ചില പാപങ്ങള്‍ ക്ഷമിക്കപ്പെടുകയില്ല എന്ന വാദം ആദ്യമായി സഭയിലവതരിപ്പിച്ചത് സഭാപണ്ഡിതനായ തെര്‍ത്തുല്യനാണ്. വിശ്വാസത്യാഗം, വ്യഭിചാരം, കൊലപാതകം എന്നീ പാപങ്ങള്‍ക്ക് മോചനം നല്‍കാന്‍ സഭയ്ക്ക് അധികാരമില്ലെന്ന് അദ്ദേഹം വാദിച്ചു. ഗൗരവമേറിയ ഇത്തരം പാപങ്ങള്‍ക്ക് മോചനം നല്‍കിയാല്‍ ഈ പാപങ്ങള്‍ ഒഴിവാക്കാന്‍ വിശ്വാസികള്‍ നിര്‍ബന്ധിക്കപ്പെടുകയില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത. 325ല്‍ നടന്ന നിഖ്യാസൂനഹദോസ് വി. സിപ്രിയാന്‍ മുതലായ ദൈവശാസ്ത്രപണ്ഡിത രുടെ വാദങ്ങളുടെ പിന്‍ബലത്തില്‍ ക്രിസ്തുവിന്‍റെ കരുണയില്‍ സഭയ്ക്ക് മോചനം നല്‍കാന്‍ പറ്റാത്ത പാപങ്ങള്‍ ഒന്നുമില്ല എന്ന് പഠിപ്പിച്ചു. എന്നാല്‍ ഈ ചരിത്ര പശ്ചാത്തലത്തില്‍ നിന്നും വ്യത്യസ്തമായി ക്ഷമിക്കപ്പെടാത്ത പാപം എന്ന അര്‍ത്ഥം വരുന്ന പ്രയോഗം സുവിശേഷങ്ങളിലുണ്ട്. അത് സജീവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതായുണ്ട്.
              പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന് ഒരു കാലത്തും പാപത്തില്‍ നിന്ന് മോചനമില്ല. അവന്‍ നിത്യപാപത്തിന് ഉത്തരവാദിയാകും (മര്‍ക്കോസ് 3: 28  29) എന്താണ് ഈ വാക്കുകളുടെ അര്‍ത്ഥം? ഈശോ പിശാചിനെ പുറത്താക്കിയത് ദൈവത്തിന്‍റെ ആത്മാവിനെകൊണ്ടല്ല, പിശാചുക്കളുടെ തലവനെക്കൊണ്ടാണ് എന്നുപറയുന്നവരെ ശാസിക്കുന്നതിന്‍റെ ഭാഗമായാണ് ഈശോ ഇക്കാര്യം പറയുന്നത്. സമാനമായ ഒരാശയം മത്താ. 12:32 ലും നമുക്ക് കാണാം. മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടും, എന്നാല്‍ പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍ ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല. ഈ ഭാഗത്ത് മനുഷ്യപുത്രനെതിരായ ദൂഷണം, പരിശുദ്ധാത്മാവിനെതിരായ ദൂഷണം എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കുന്നത് നമുക്ക് കാണാം. യഥാക്രമം ഈശോയുടെ പരസ്യജീവിതകാലത്തെ ശുശ്രൂഷയും ഉത്ഥിതനായ ക്രിസ്തുവിന്‍റെ ശുശ്രൂഷയുമാണ് ഈ ഭാഗത്ത് വേര്‍തിരിക്കപ്പെടുന്നത് എന്നാണ് ഒരു നിഗമനം. അതായത് ഉത്ഥിതനായ ക്രിസ്തുവിന്‍റെ പേരില്‍ പരിശുദ്ധാത്മാവ് നയിക്കുന്ന സഭയില്‍ ക്രിസ്തുവിനെ തിരസ്കരിക്കുന്നവരോട് ദൈവം ക്ഷമിക്കുകയില്ല എന്നതാണ് ഈ വാക്യങ്ങളുടെ പ്രകടമായ അര്‍ത്ഥം.
              എന്താണ് ഇവിടെ പരാമര്‍ശിക്കുന്ന ക്ഷമിക്കപ്പെടാത്ത പാപങ്ങള്‍? ഏതെങ്കിലും പ്രത്യേക പാപങ്ങള്‍ ഈശോ എടുത്തുപറയുന്നില്ല എന്ന് നമ്മള്‍ ശ്രദ്ധിക്കണം. പരിശുദ്ധാത്മാവിന്‍റെ നമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന പ്രവൃത്തികളെ ക്ഷമിക്കപ്പെടാത്ത പാപങ്ങളായി നമുക്ക് മനസ്സിലാക്കാം. ദൈവാത്മാവിനോട് തുറവിയില്ലാത്ത അവസ്ഥയാണത്. വേറെ വാക്കുകളില്‍, ദൈവത്തോട് മറുതലിക്കുന്നവന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയില്ല. മറിച്ച്, പാപിയാണെങ്കിലും ദൈവവുമായി ബന്ധത്തിലേക്ക് വീണ്ടും വരാന്‍ ആഗ്രഹിക്കുന്നവരുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടും. പാപമോചനം ലഭിക്കാന്‍ ഒരുവന് ഏറ്റവും കുറഞ്ഞത് അതിനുള്ള ആഗ്രഹമെങ്കിലും ഉണ്ടാകണം. ദൈവത്തെ ബോധപൂര്‍വ്വം ഉപേക്ഷിക്കുന്നവനെ രക്ഷിക്കാന്‍ ദൈവത്തിനുപോലും കഴിയുകയില്ല എന്നാണര്‍ത്ഥം. കാരണം ദൈവം മനുഷ്യന്‍റെ സ്വാതന്ത്യ്രം മാനിക്കുന്നു. നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് നിന്നെക്കൂടാതെ നിന്ന രക്ഷിക്കാനാവില്ല എന്ന വി. അഗസ്റ്റിന്‍റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ചുരുക്കത്തില്‍ യഥാര്‍ത്ഥത്തില്‍ അനുതപിക്കുന്ന പാപിക്ക് തീര്‍ച്ചയായും പാപമോചനമുണ്ട്. അനുതാപം ഏതു പാപിയേയും ദൈവത്തിന്‍റെ കരുണയ്ക്ക് പാത്രമാകുന്നു. അതിനാല്‍ യഥാര്‍ത്ഥ അനുതാപത്തോടും അനുരഞ്ജനപ്പെടാനുമുള്ള മനസ്സോടെ പാപമോചനത്തിനണയുന്ന പാപിയുടെ പാപങ്ങള്‍ മോചിക്കപ്പെടും.
              ക്ഷമിക്കപ്പെടാത്ത പാപങ്ങള്‍ ഇല്ലെങ്കിലും പിടിക്കപ്പെട്ട പാപങ്ങള്‍ (Reserved Sins) എന്നൊരു ഗണം ഉണ്ട്. കുന്പസാരത്തില്‍ സാധാരണ ക്രമമനുസരിച്ച് വൈദികര്‍ക്ക് മോചനം കൊടുക്കുവാന്‍ അനുവാദമില്ലാത്ത പാപങ്ങളാണിവ. അവയുടെ മോചനം ചില നടപടിക്രമങ്ങള്‍ക്ക് വിധേയമായി സഭയിലെ നിശ്ചിത അധികാരിയില്‍ നിന്ന് നേടേണ്ടതാണ്. ഉദാഹരണത്തിന് സഭാ നിയമമനുസരിച്ച് ഗര്‍ഭഛിദ്രം എന്ന പാപത്തിന്‍റെ മോചനം രൂപതാ മെത്രാന് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. (കാനോന്‍ നിയമം 728) എന്നാല്‍ പാപമോചനം നേടാമെന്ന് വിവിധ മെത്രാന്‍ സമിതികള്‍ അജപാലന കാരണങ്ങളുടെ പേരില്‍ അനുവദിച്ചിട്ടുണ്ട്. കേരളത്തിലെ പല രൂപതകളിലും ഈ ഇളവ് നിലവിലുണ്ട്. ഈ പിടിക്കപ്പെട്ട പാപങ്ങള്‍ ക്ഷമിക്കപ്പെടാത്തവയാണെന്നല്ല അര്‍ത്ഥം.  മറിച്ച് അവയുടെ ഗൗരവം ബോധ്യപ്പെടുത്താന്‍ വേണ്ടി അവയ്ക്ക് മോചനം നല്‍കുന്ന കാര്യത്തില്‍ സഭ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നുമാത്രം. അവ പൂര്‍ത്തിയായാല്‍ തീര്‍ച്ചയായും കുന്പസാരത്തിലൂടെയുള്ള പാപമോചനം ലഭിക്കും.
                                                                സ്നേഹത്തോടെ
                                                                ഫാ. റോയ് മൂത്തേടത്ത്, RCJ

(കടപ്പാട്: ഡോ. മാത്യു ഇല്ലത്തുപറന്പില്‍, ഞാനും നിന്നെ വിധിക്കുന്നില്ല: അനുരഞ്ജനകൂദാശയ്ക്ക് ഒരാമുഖം)Pavaratty Shrine

The official web site of Pavaratty Shrine: www.pavarattyshrine.com St Joseph is the patron of this parish and plenty of pilgims flow everyday specially on wednesday.


0 thoughts on “കുന്പസാരത്തില് എല്ലാ പാപങ്ങളും ക്ഷമിക്കപ്പെടുമോ ക്ഷമിക്കപ്പെടാത്ത പാപങ്ങള് എന്നൊരു ഗണം ഉണ്ടോ പരിശുദ്ധാത്മാവിനെതിരായ പാപങ്ങള് ക്ഷമിക്കപ്പെടുകയില്ല എന്ന ഈശോയുടെ വാക്കുകള്ക്ക് എന്താണര്ത്ഥം?