ഉത്ഥിതന്‍ വെളിപ്പെടുത്തുന്ന അടയാളങ്ങള്‍ വിശ്വാസത്തെ ബലപ്പെടുത്തുന്നുവെന്ന് പാപ്പ

പെസഹാകാലത്തെ മൂന്നാം വാരമമാണല്ലോ. ഭീരുക്കളും നഷ്ടധൈര്യരുമായ തന്‍റെ ശിഷ്യന്മാരുടെ മദ്ധ്യേ, ഉത്ഥിതനായ ക്രിസ്തു പ്രത്യക്ഷപ്പെടുന്ന ഭാഗമാണ് വിശുദ്ധ ലൂക്കായുടെ ഇന്നത്തെ സുവിശേഷം വിവരിക്കുന്നത്.
ഭൂതത്തെയാണ് കാണുന്നതെന്ന് അവര്‍ ആദ്യം വിചാരിച്ചു (ലൂക്കാ 24,36-37).
20-ാം നൂറ്റാണ്ടിന്‍റെ പ്രശസ്ത കത്തോലിക്കാ പണ്ഡിതനും ആത്മീയ ഗ്രന്ഥകാരനുമായ റൊമാനോ ഗ്വര്‍ദീനി ഉത്ഥിതനെക്കുറിച്ച് ഇപ്രകാരമാണ് വിവരിക്കുന്നു : ഉത്ഥാനാന്തരം ക്രിസ്തുവിന്‍റെ അവസ്ഥ പഴയതുപോലെ ആയിരുന്നില്ല. അവിടുന്ന് രൂപാന്തരപ്പെട്ടു. അവിടുത്തെ ദൈവികത മാനുഷിക ബുദ്ധിക്ക് അഗ്രാഹ്യമാണെങ്കിലും, അവിടുത്തെ അസ്തിത്വം, - പീഡാസഹനവും മരണവും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ - യാഥാര്‍ത്ഥ്യവും ഭൗമികവുമായിരുന്നു. രൂപാന്തരപ്പെട്ടതെങ്കിലും അത് ഇന്ദ്രിയഗോചരവും സുവ്യക്തവുമായിരുന്നു (meditations on the life and person of Jesus, Milan 1949, 433).
ഉത്ഥാനം അവിടുത്തെ പീഡാനുഭവത്തിന്‍റെ മുറിപ്പാടുകള്‍ മായിച്ചുകളയുന്നില്ല. ഉത്ഥാനാന്തരമുള്ള പ്രത്യക്ഷീകരണത്തില്‍ ക്രിസ്തു തന്‍റെ മാറിലെയും കൈകളിലെയും മുറിപ്പാടുകള്‍ തന്‍റെ ശിഷ്യന്മാര്‍ക്ക് കാണിച്ചുകൊടുക്കുന്നുണ്ട്. തന്‍റെ ശാരീരക സാന്നിദ്ധ്യം അവര്‍ക്കു ബോധ്യപ്പെടുത്തി കൊടുക്കുവാനെന്നോണം തിബേരിയൂസ് തീരത്തുവച്ച് അവിടുന്ന് ഇങ്ങനെ ചോദിച്ചു, “ഭക്ഷിക്കുവാന്‍ വല്ലതും ഉണ്ടോ?” കൈവശമുണ്ടായിരുന്ന പൊരിച്ച മീനാണ് ശിഷ്യന്മാര്‍ അവിടുത്തേയ്ക്ക് കൊടുത്തത്. അവിടുന്ന് അവരുടെ മുമ്പില്‍വച്ച് അതു ഭക്ഷിച്ചു (ലൂക്കാ 24, 42-43).
മനുഷ്യര്‍ക്കും ദൈവത്തിനും ഇടയില്‍ മാദ്ധ്യസ്ഥ്യം വഹിക്കുന്ന പീഡിതനായ ക്രിസ്തുവിനെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന അയാളമാണ് പൊരിച്ച മത്സ്യമെന്നാണ് - മഹാനും വിശുദ്ധനുമായ ഗ്രിഗരി ഈ സംഭവത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്. ദൈവമായ അവിടുന്ന് മനുഷ്യകുലത്തിന്‍റെ കൂടെയായിരിക്കാവാന്‍ തിരുമനസ്സായി. മനുഷ്യരക്ഷയ്ക്കായി മരണത്തിനു വിധേയനായതോടെ അവിടുന്ന് സഹനത്തിന്‍റെ തീച്ചൂളയില്‍ വെന്തുനീറി
(Homily in Evang. Xxiv, 5: ccl 141, turnhout 1999, 201).

ക്രിസ്തു വെളിപ്പെടുത്തിയ യാഥാര്‍ത്ഥ്യത്തിന്‍റെ അടയാളങ്ങള്‍
നന്ദിയോടെ അനുസ്മരിക്കേണ്ടതാണ്. ശിഷ്യന്മാരുടെ മനസ്സുകളില്‍ ആദ്യമുണ്ടായിരുന്ന സംശയം അകറ്റി, വിശ്വാസത്തിന്‍റെ ദൃഢത വളര്‍ത്തിയത് ബാഹ്യവും മാനുഷീകവുമായ അടയാളങ്ങളിലൂടെയാണ്. ക്രിസ്തുവിനെക്കുറിച്ച് മൂശയുടെ നിയമത്തിലും പ്രവാചക ഗ്രന്ഥങ്ങളിലും സങ്കീര്‍ത്തനങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതും,
അവ ഗ്രഹിക്കുവാന്‍ ശിഷ്യന്മാരെ പ്രാപ്തരാക്കുന്നതും ഉത്ഥിതന്‍റെ ബാഹ്യമായ പ്രത്യക്ഷീകരണത്തിന്‍റെ അടയാളങ്ങളാണ്. “തിരുവെഴുത്തുകള്‍ ഗ്രഹിക്കാന്‍ തക്കവിധം അവിടുന്ന് അവരുടെ മനസ്സുകള്‍ തുറന്നു”, എന്നു സുവിശേഷത്തില്‍ വായിക്കുന്നു (ലൂക്കാ 24, 44). ഇങ്ങനെയും എഴുതപ്പെട്ടിരിക്കുന്നു: ക്രിസ്തു സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. പാപമോചനത്തിനായുള്ള അനുതാപം അവന്‍റെ നാമത്തില്‍ ജരൂസലേമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്ക- പ്പെടേണ്ടിയുമിരിക്കുന്നു. നിങ്ങള്‍ ഇവയ്ക്കു സാക്ഷികളാണ് (ലൂക്കാ 24, 45-48).
തന്‍റെ യഥാര്‍ത്ഥമായ സാന്നിദ്ധ്യം ക്രിസ്തു തുടര്‍ന്നും ഈ ലോകത്ത് ലഭ്യമാക്കുന്നത് തന്‍റെ വചനത്തിലൂടെയും ദിവ്യകാരുണ്യത്തിലൂടെയുമാണ്.

അപ്പം മുറിച്ചപ്പോള്‍ എമാവൂസിലെ ശിഷ്യന്മാര്‍ ക്രിസ്തുവിനെ തിരിച്ചറിഞ്ഞതുപോലെ, നാമും ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിനെ തിരിച്ചറിയണം. ദിവ്യകാരുണ്യമെന്ന കൂദാശയില്‍ ക്രിസ്തു സമ്പൂര്‍ണ്ണമായും സന്നിഹിതനാണ് എന്ന കത്തോലിക്കാ വിശ്വാസം അനുദിനം പ്രഘോഷിക്കപ്പെടുണം. കാരണം ദൈവം തന്നില്‍ത്തന്നെ സ്വീകരിച്ച ശരീരത്തില്‍നിന്നും അവിടുന്ന് ദൈവികത കൈവെടിഞ്ഞില്ല (s.th. iiiq. 76, a1) – എന്ന് സഭാപണ്ഡിതനായ തോമസ് അക്വീനസ് പഠിപ്പിക്കുന്നു.
ദിവ്യകാരുണ്യമെന്ന വിശ്വാസ വിരുന്നിന് കുട്ടികളെ ആര്‍ദ്രമായ തീക്ഷ്ണതയോടെ, എന്നാല്‍ ലാളിത്യത്തോടെ ഒരുക്കണമെന്ന് മാതാപിതാക്കളെയും അദ്ധ്യാപകരെയും വൈദികരെയും പ്രത്യേകമായി അനുസ്മരിപ്പിക്കുന്നു. ദിവ്യകാരുണ്യം ക്രിസ്തുവുമായുള്ള വ്യക്തിഗതമായ കൂടിക്കാഴ്ചയാണ് എന്ന ബോധ്യമാണ് പ്രഥമ ദിവ്യകാരുണ്യദിനത്തില്‍ നാം കുഞ്ഞുങ്ങള്‍ക്കു നല്കേണ്ടത് (post synodal ap. Exhort. Sacramentum caritatis. 19).

നവമാനവീകതയുടെ സാക്ഷികളാകുവാനും, നിത്യവചനമായ ക്രിസ്തുവിന് കാതോര്‍ത്ത് ദിവ്യകാരുണ്യത്തില്‍ അവിടുത്തെ എന്നും സ്വീകരിക്കുവാന്‍ ദിവ്യകാരുണ്യത്തിന്‍റെ അമ്മയായ പരിശുദ്ധ കന്യകാമറിയം ഏവരെയും സഹായിക്കട്ടെ....
എന്ന അഭ്യര്‍ത്ഥനയോടെയാണ് ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണം പാപ്പ ഉപസംഹരിച്ചത്.
TAG