BREAKING NEWS
Search

പാവറട്ടി തിരുനാളിന് പുണ്യരൂപം വണങ്ങാന്‍ പതിനായിരങ്ങളെത്തി


പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ട് തിരുനാളിന്റെ ഭാഗമായി നടന്ന കൂട് തുറക്കല്‍ ശുശ്രൂഷയ്ക്ക് പതിനായിരങ്ങളെത്തി. വൈകീട്ട് നടന്ന സമൂഹ ദിവ്യബലിക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് അനുഗ്രഹദായകവും പ്രൗഢഗംഭീരവുമായ കൂട്തുറക്കല്‍ ശുശ്രൂഷ തിരുകര്‍മ്മങ്ങള്‍ നടന്നത്. ഭക്തജനങ്ങള്‍ക്ക് വണങ്ങുന്നതിനായി വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ ദേവാലയ മുഖമണ്ഡപത്തില്‍ പ്രത്യേകം അലങ്കരിച്ച രൂപക്കൂടുകളില്‍ ആഘോഷമായി സ്ഥാപിച്ചു. ഫാ. ആന്റണി അമ്മുത്തന്‍, ഫാ. സിന്‍േറാ പൊറത്തൂര്‍ എന്നിവര്‍ സഹകാര്‍മ്മികരായി. രാവിലെ ഭക്തിനിര്‍ഭരമായ നൈവേദ്യ പൂജയോടെ ഊട്ടിന് തുടക്കമായി. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നൈവേദ്യപൂജയും നേര്‍ച്ച ഭക്ഷണ ആശീര്‍വാദവും നടന്നു. ഊട്ടുതിരുനാള്‍ ഏറ്റ് കഴിക്കുന്നതിന് വിശ്വാസികളുടെ നീണ്ടനിര രൂപപ്പെട്ടു. ശനിയാഴ്ച രാവിലെ തുടങ്ങിയ ഊട്ട് സദ്യ ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് മൂന്നുവരെ തുടരും. ഒരേ സമയം രണ്ടായിരത്തോളം പേര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഊട്ടുശാലയില്‍ ഒരുക്കിയിരുന്നു. വിവിധ ഷിഫ്റ്റുകളിലായി അഞ്ഞൂറോളം വളണ്ടിയര്‍മാരും ഭക്ഷണ വിതരണത്തിനുണ്ടായിരുന്നു. ശനിയാഴ്ച രാത്രിവരെ 75000 പേര്‍ ഭക്ഷണം കഴിച്ചതായി കെ.വി. ജോസ്, ടി.എന്‍. ജെയിംസ് എന്നിവര്‍ പറഞ്ഞു. തിരുനാള്‍ ഊട്ടുസദ്യയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി അരി, അവില്‍, ഊണ് തുടങ്ങിയവ പാക്കറ്റുകളിലാക്കി വിതരണം ചെയ്തിരുന്നു. ഉച്ചകഴിഞ്ഞ് വടക്ക് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും നൂറ്റൊന്ന് വാദ്യവിദഗ്ദ്ധരും ചേര്‍ന്നൊരുക്കിയ നാദവിസ്മയം കാണാന്‍ നിരവധി മേള പ്രേമികളാണ് തിങ്ങിക്കൂടിയത്. അസുരവാദ്യത്തിന്റെ താളലയത്തില്‍ മേള പ്രേമികള്‍ മൂന്ന് മണിക്കൂറോളം ആറാടി. കണ്‍വീനര്‍ കെ.ജെ. ജെയിംസ് നേതൃത്വം നല്‍കി. കൂട്തുറക്കല്‍ ശുശ്രൂഷയ്ക്ക് ശേഷം പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാനില്‍ വിസ്മയം വിതറിയ വെടിക്കെട്ട് നടന്നു. കണ്‍വീനര്‍ വി.ജെ. വര്‍ഗീസ്, തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കനില്‍ നിന്നു അഗ്‌നി ഏറ്റ്‌വാങ്ങി തിരിതെളിയിച്ചതോടെയാണ് കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടിന് തുടക്കമായത്. വിവിധ കുടുംബ യൂണിറ്റുകളില്‍നിന്നുള്ള വളയെഴുന്നള്ളിപ്പുകള്‍ രാത്രി 12 ന് തീര്‍ത്ഥകേന്ദ്രത്തിലെത്തി സമാപിച്ചതോടെ തെക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കരിമരുന്നു പ്രയോഗം നടന്നു. സേവ്യര്‍ കുറ്റിക്കാട്ട് നേതൃത്വം നല്‍കി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമുതല്‍ രാവിലെ ഒന്‍പതുവരെ തുടര്‍ച്ചയായി ദിവ്യബലി നടന്നു. രാവിലെ പത്തിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ട്കുര്‍ബ്ബാനയ്ക്ക് അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഡോ. ബാബു പാണാട്ടുപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടക്കും. പ്രദക്ഷിണത്തിന് തൊട്ട് മുന്‍പായി സിമന്റ്- പെയിന്റ് നിര്‍മ്മാണ തൊഴിലാളികളുടെ വകയായി വെടിക്കെട്ട് നടക്കും. രാത്രി 8.30 ന് കണ്‍വീനര്‍ എന്‍.ജെ. ലിയോയുടെ നേതൃത്വത്തില്‍ അതിഗംഭീരവെടിക്കെട്ട് അരങ്ങേറും. ഗരുവായൂര്‍ എ.സി.പി. ആര്‍.കെ. ജയരാജ്, ഗുരുവായൂര്‍ സിഐ സുരേഷ്, പാവറട്ടി എസ്‌ഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും വളണ്ടിയര്‍ ക്യാപ്റ്റന്‍ സി.കെ. സിജോവിന്റെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനയും ടോള്‍മെന്‍ സെക്യൂരിറ്റിയും അഗ്‌നിശമനസേനയും ആരോഗ്യവകുപ്പും വൈദ്യുതിവകുപ്പും സേവനസന്നദ്ധരായി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചുവരുന്നു. തിരുനാള്‍ ആഘോഷത്തിന് ട്രസ്റ്റിമാരായ ടി.കെ. ജോസ്, പി.ജെ. ജെയിംസ്, സി.സി. ജോസ്, പി.വി. ഡേവിസ്, കണ്‍വീനര്‍ കെ.പി. ജോസഫ്, സി.എന്‍. സെബാസ്റ്റ്യന്‍, ഒ.ജെ. ഷാജന്‍, ജോസഫ് ബെന്നി വടക്കൂട്ട്, പി.എല്‍. സൈമണ്‍, ജോഷി വടക്കൂട്ട്, എഫ്രേം ഡെല്ലി, സൈമണ്‍ നീലങ്കാവില്‍ എന്നിവര്‍ നേതൃത്വം നല്‍കി.Pavaratty Shrine

The official web site of Pavaratty Shrine: www.pavarattyshrine.com St Joseph is the patron of this parish and plenty of pilgims flow everyday specially on wednesday.


0 thoughts on “പാവറട്ടി തിരുനാളിന് പുണ്യരൂപം വണങ്ങാന്‍ പതിനായിരങ്ങളെത്തി