പാവറട്ടി തിരുനാള്‍ വെടിക്കെട്ടിന് അനുമതിയായി


സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ടുകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി ലഭിച്ചു. 27, 28, 29 തീയതികളിലാണ് പാവറട്ടി തിരുനാള്‍ ആഘോഷിക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് അഞ്ചുവെടിക്കെട്ടുകളാണ് ഉണ്ടാവുക. വെള്ളിയാഴ്ച രാത്രി എട്ടിനു ദേവാലയ വൈദ്യുത ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ്‍കര്‍മത്തിനുശേഷം ഇടവകയിലെ ഇലക്ട്രിക്കല്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ കരിമരുന്ന് കലാപ്രകടനം അരങ്ങേറും.

ശനിയാഴ്ച രാത്രി ഏഴരക്കുള്ള ആഘോഷമായ കൂടുതുറക്കല്‍ ശുശ്രൂഷയ്ക്കുശേഷം പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് നടക്കും. ശനിയാഴ്ച രാത്രി 12നു കുടുംബ യൂണിറ്റുകളില്‍ നിന്നുള്ള വള എഴുന്നള്ളിപ്പുകള്‍ തീര്‍ഥ കേന്ദ്രത്തിലെത്തി സമാപിക്കുന്പോള്‍ തെക്കുവിഭാഗത്തിന്‍റെ കരിമരുന്ന് കലാപ്രകടനം നടക്കും.

ഞായറാഴ്ച രാവിലെ 10നുള്ള ആഘോഷമായ തിരുനാള്‍ ഗാനപൂജയ്ക്കുശേഷം പ്രദക്ഷിണം ആരംഭിക്കുന്പോള്‍ ഇടവകയിലെ സിമന്‍റ്- പെയിന്‍റ് നിര്‍മാണ തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ട് നടക്കും. ഞായറാഴ്ച രാത്രി 8.30നു വടക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിമരുന്ന് കലാപ്രകടനം അരങ്ങേറും. ഈ അഞ്ചു വെടിക്കെട്ടിനും അനുമതിലഭിച്ചതായി വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ വി.ജെ. വര്‍ഗീസും ജോയിന്‍റ് കണ്‍വീനര്‍ ഒ.എം. ഫ്രാന്‍സിസും അറിയിച്ചു.
TAG