തിരുനാളിന് കൊടിയേറി

പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് കൊടിയേറി. രാവിലെ പള്ളിനടയിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേളയില്‍ നടന്ന ആഘോഷമായ ദിവ്യബലിയെതുടര്‍ന്നാണ് കൊടിയേറ്റ് കര്‍മ്മം നടന്നത്. പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ബെര്‍ണാര്‍ഡ് തട്ടിലാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊടിയേറ്റ്കര്‍മ്മം നിര്‍വ്വഹിച്ചത്. പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍, ഫാ. മാത്യു തരകന്‍ എന്നിവര്‍ സഹകാര്‍മ്മികരായി.

136-ാം മധ്യസ്ഥ തിരുനാളിന്റെ വിളംബരമായി 136 കതിനവെടികള്‍ മുഴങ്ങി. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടായി. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടേയും അകമ്പടിയോടെ പള്ളിനടയില്‍നിന്നാരംഭിച്ച പ്രദക്ഷിണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. പ്രദക്ഷിണം ദേവാലയത്തിലെത്തിയശേഷം ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവയുണ്ടായി. തിരുനാളിന് ഒരുക്കമായുള്ള നവനാള്‍ ആചരണം വെള്ളിയാഴ്ച വൈകീട്ട് തുടങ്ങി. തിരുനാള്‍ദിനംവരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് അഞ്ചിന് ആഘോഷമായ ദിവ്യബലി, വചനസന്ദേശം, ലദീഞ്ഞ്, നൊവേന തുടങ്ങിയ തിരുകര്‍മ്മങ്ങളുണ്ടാകും. നവനാള്‍ ആചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മാതാപിതാക്കളുടെ ദിനമായി ആചരിച്ചു. 27, 28, 29 തിയ്യതികളിലാണ് തിരുനാള്‍. 
TAG