പാവറട്ടി തിരുനാളിന് തുടക്കം

സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ 136-ാം ഊട്ട് തിരുനാളിന് തുടക്കമായി. വൈകീട്ട് ഏഴിന് കലാമണ്ഡലം അനന്തകൃഷ്ണനും സംഘവും അവതിപ്പിച്ച പഞ്ചവാദ്യമേളം ഫാ. നോബി അമ്പൂക്കന്‍ ഉദ്ഘാടനം ചെയ്തു. പിന്നീട് മൂന്നുമണിക്കൂര്‍ കലാമണ്ഡലം അനന്തകൃഷ്ണന്‍, കുട്ടിനാരായണന്‍, വൈക്കം വിശ്വന്‍, പാഞ്ഞാള്‍ വേലുക്കുട്ടി, മച്ചാട് ഉണ്ണി നായര്‍. തൃശ്ശൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ 60 വാദ്യകലാകാരന്മാര്‍ അണിനിരന്ന മേളപ്പെരുമഴയായിരുന്നു പെയ്തിറങ്ങിയത്.

രാത്രി 8 ന് ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം സെന്റ് തോമസ് ആശ്രമാധിപന്‍ ഫാ. ഫ്രാന്‍സീസ് കണിച്ചിക്കാട്ടില്‍ നിര്‍വഹിച്ചു. തീര്‍ത്ഥകേന്ദ്രത്തിന്റെ മുഖവാരത്തിന് നടുവില്‍ വൈദ്യുത ദീപപ്രഭയില്‍ ഇടവേളകളില്‍ കൂടുതുറന്ന് വി. യൗസേപ്പിതാവിന്റെ രൂപം തെളിഞ്ഞു.

അമ്പതില്‍പരം ഡിസൈനുകളിലാണ് ദീപക്കാഴ്ച ഒരുക്കിയിരിക്കുന്നത്. രാത്രി ഏറെ വൈകുംവരെ ദീപക്കാഴ്ച കാണാന്‍ ആളുകള്‍ ഒഴുകിയെത്തി. വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നയുടന്‍ മേഖലയിലെ ഇലക്ട്രിക്കല്‍ തൊഴിലാളികളുടെ ആഭിമുഖ്യത്തില്‍ വര്‍ണ്ണമനോഹരമായ വെടിക്കെട്ട് നടന്നു.
TAG