കുരുത്തോലകളല്ല നമ്മെത്തന്നെയാണ് പൂര്‍ണ്ണമായും ക്രിസ്തുവിനു സമര്‍പ്പിക്കേണ്ടതെന്ന് പാപ്പ

ക്രിസ്തുവിന്‍റെ ജീവിതത്തിലെ അധിപ്രധാനമായ സംഭവങ്ങള്‍ അരങ്ങേറുന്ന വിശുദ്ധ വാരത്തിന് തുടക്കമിടുന്നത് ഓശാന മഹോത്സവമാണ്. കുരിശിനെ ആത്മീയതയുടെ നിത്യസിംഹാസനമാക്കിയ തന്‍റെ യാഗാര്‍പ്പണത്തിനായിട്ടാണ് ക്രിസ്തു അവസാനമായി ജരൂസലേമിലെത്തിയത്. തിരുവെഴുത്തുകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതും രക്ഷയുടെ ദാനം സകലര്‍ക്കുമായി തുറക്കപ്പെടുന്നതും കുരിശിലാണ്. അങ്ങനെ അതിലൂടെ യുഗാന്ത്യത്തോളം ക്രിസ്തു മനുഷ്യകുലത്തെ തന്നിലേയ്ക്ക് ആകര്‍ഷിക്കുന്നു.
ശിഷ്യന്മാരുമായിട്ടാണ് ക്രിസ്തു ജരുസലേമിലേയ്ക്ക് പുറപ്പെട്ടത്. എന്നാല്‍ മാര്‍ഗ്ഗമദ്ധ്യേ ധാരാളം ജനങ്ങളും അവിടുത്തെ പിന്‍ചെന്നു. മാര്‍ക്കോസ് സുവിശേഷകന്‍ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ജറീക്കോ വിട്ടുപോകുമ്പോള്‍ വലിയൊരു പുരുഷാരം ക്രിസ്തുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു, എന്ന് (മാര്‍ക്ക് 10, 46.).

ക്രിസ്തുവില്‍ ചുരുളഴിയുന്ന രക്ഷയുടെ സന്ദേശം വെളിപ്പെടുത്തുന്ന മറ്റൊരു സംഭവം യാത്രാമദ്ധ്യേ അരങ്ങേറുന്നുണ്ട്. ശിഷ്യന്മാരോടും വലിയ ജനാവലിയോടുംകൂടെ അവിടുന്നു ജറീക്കോ വിട്ടുപോകുമ്പോള്‍ തിമേവൂസിന്‍റെ പുത്രനായ ബാര്‍ത്തിമേവൂസ് എന്ന അന്ധനായവന്‍ വഴിയോരത്ത് ഇരിപ്പുണ്ടായിരുന്നു. നസ്രായനായ യേശുവാണ് കടന്നുപോകുന്നതെന്ന് അറിഞ്ഞപ്പോള്‍ അയാള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. “ദാവീദിന്‍റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ” (മാര്‍ക്ക് 10, 46-47). ജനങ്ങള്‍ അവനെ നിശ്ശബ്ദനാക്കാന്‍ നോക്കി. മിണ്ടാതിരിക്കുവാന്‍ പറഞ്ഞു. എന്നിട്ടും അവന്‍ നിറുത്തിയില്ല. അവന്‍ വീണ്ടും നിലവിളിച്ചു. “യേശുവേ, എന്നില്‍ കനിയണമേ.”

അപ്പോള്‍ ക്രിസ്തു ശിഷ്യന്മാരോട് പറഞ്ഞു. “അവനെ വിളിച്ചുകൊണ്ടു വരിക.”
അവര്‍ അന്ധനായവനെ ക്രിസ്തുവിന്‍റെ പക്കല്‍ കൊണ്ടുവന്നു. “നിനക്കുവേണ്ടി ഞാന്‍ എന്തുചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്?”
അവന്‍ പറഞ്ഞു, “ഗുരോ, അങ്ങെനിക്കു കാഴ്ച തരണം.”
“നീ പൊയ്ക്കൊള്ളുക, വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.”
തല്‍ക്ഷണം അവനു കാഴ്ച ലഭിച്ചു. അവന്‍ യേശുവിനെ അനുഗമിച്ചു (മാര്‍ക്ക് 10, 48-51).

ഈ അത്ഭുത സംഭവവും, ‘ദാവീദിന്‍റെ പുത്രാ,’ എന്നുള്ള ആര്‍ത്തുവിളിയും ആയപ്പോള്‍ , ജനമദ്ധ്യത്തിലെ ക്രിസ്തു മിശിഹായാണെന്നും പുതിയ ദാവീദാണെന്നുമുള്ള മെസിയാനിക പ്രത്യാശയുടെ ചിന്ത ജനങ്ങളില്‍ ശക്തമായി ഉയരുവാന്‍ തുടങ്ങി. വിശുദ്ധ നഗരത്തില്‍ ക്രിസ്തു പ്രവേശിക്കുമ്പോള്‍ ദാവീദിന്‍റെ സാമ്രാജ്യം ഒരിക്കല്‍ക്കൂടി ദൈവം തങ്ങള്‍ക്കായി തുറക്കുമെന്ന് അവര്‍ മോഹിച്ചു. ഇന്നത്തെ സുവിശേഷത്തില്‍ വായിച്ചു കേട്ടതുപോലെ, ക്രിസ്തു തന്‍റെ ജരൂസലേം പ്രവേശനത്തിനു ചെയ്ത ഒരുക്കങ്ങള്‍ ഈ പ്രത്യാശ വളര്‍ത്തുവാന്‍ പോരുന്നതായിരുന്നു
(മാര്‍‍ക്ക് 11, 1-10). അവിടുന്ന് ജെരൂസലേമിലേയ്ക്കു നീങ്ങിയത് ബെദ്ഫാഗാവഴി ഒലിവുമലയുടെ താഴ്വാരത്തൂടെയാണ്. അവിടെവെച്ചാണ് തനിക്കു സഞ്ചരിക്കാന്‍ കഴുതക്കുട്ടിയെ കൊണ്ടുവരുവാന്‍ രണ്ടു ശിഷ്യന്മാരെ ക്രിസ്തു അടുത്തുള്ള ഗ്രാമത്തിലേയ്ക്ക് പറഞ്ഞയച്ചത്. പറഞ്ഞതുപോലെ അവര്‍ ചെന്ന ആ ഗ്രാമത്തില്‍ കഴുതയെ കാണുകയും അതിനെ അഴിച്ചുകൊണ്ടു വരികയും ചെയ്തു. പിന്നെ അതിന്‍റെ പുറത്തിരുന്നാണ് ജരൂസലേമിലേയ്ക്കുള്ള തന്‍റെ യാത്ര തുടര്‍ന്നത്. ഇതോടെ ശിഷ്യന്മാരുടേയും ജനങ്ങളുടേയും ആവേശം അലയിരമ്പി. അവിടുന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ അവര്‍ വഴിനീളെ വസ്ത്രങ്ങള്‍ വിരിച്ചു. ചിലര്‍ ഒലിവുശാഖകള്‍ വെട്ടിയിട്ടു വഴി സജ്ജമാക്കി. മെസിയാനിക പ്രഘോഷണം അനുസ്മരിപ്പിക്കുമാറ്, എന്നിട്ട് അവര്‍ 118-ാം സങ്കീര്‍ത്തനം ഉറക്കെ ഇങ്ങനെ ഏറ്റുപാടി. “ഹോസാനാ, കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍. അസന്നമാകുന്ന ഞങ്ങളുടെ പിതാവായ ദാവീദിന്‍റെ രാജ്യം അനുഗ്രഹീതം. ഉന്നതങ്ങളില്‍ ഹോസാനാ” (മാര്‍ക്ക് 11, 9-10). സമാന്തര സുവിശേഷകന്മാര്‍ എല്ലാവരും രേഖപ്പെടുത്തിയിട്ടുള്ള ഈ ഹോസാനാ ഉത്സവാരവം അനുഗ്രഹത്തിന്‍റെ പ്രരോദനവും മഹത്വീകരണത്തിന്‍റെ സ്തോത്രഗീതവുമാണ്.
കാലംകാതോര്‍ത്ത രക്ഷകന്‍ അവസാനം തങ്ങളുടെമദ്ധ്യേ ആഗതനായെന്നും, ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചുവെന്നും ഇസ്രായേല്‍ ഏകകണ്ഠേന പ്രഘോഷിച്ചു. ജരൂസലേമില്‍ ക്രിസ്തു പ്രവേശിക്കുന്നതോടെ ദൈവജനം പാര്‍ത്തിരുന്ന വിമോചനം ക്രിസ്തുവില്‍ യാഥാര്‍ത്ഥ്യമാകുകയാണെന്ന് ജനങ്ങള്‍ വിശ്വസിച്ചു.

ഈ വിജയാരവത്തില്‍ അന്തര്‍ലീനമായ അനുരണനം എന്താണെന്ന് ശ്രദ്ധിക്കേണ്ടതാണ്? “ഞാന്‍ നിന്നെ ജനതയാക്കും, നിന്നിലൂടെ ഭൂമുഖത്തെ സകല കുടുംബങ്ങളും അനുഗ്രഹീതമാകും,” എന്ന് വിശ്വാസത്തിന്‍റെ പിതാവായ അബ്രാഹത്തോടു ദൈവം ചെയ്ത വാഗ്ദാനം, (ഉല്പത്തി 12, 2-3) മിശിഹായില്‍ പൂര്‍ത്തീകരിക്കപ്പെടും എന്നാണ് തിരുവെഴുത്തുകള്‍ സാക്ഷൃപ്പെടുത്തുന്നത്. ഈ ദൈവിക വാഗ്ദാനങ്ങളുടെ ഓര്‍മ്മ ഇസ്രായേല്‍ ജനം എന്നും തങ്ങളുടെ സങ്കീര്‍ത്തനങ്ങളിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും സജീവമാക്കിയിരുന്നു. ‘വാഴ്ത്തപ്പെട്ടവ’നെന്ന് ഓശാനയില്‍ ജനങ്ങള്‍ പ്രഘോഷിക്കുന്ന ക്രിസ്തു മനുഷ്യകുലത്തിനു മുഴുവനും അനുഗ്രഹീതനും സ്തുത്യര്‍ഹനും ആയിത്തീരുന്നു. സകലത്തിനെയും രക്ഷിക്കുകയും വിശുദ്ധീകരിക്കുകയും
പരിപാലിക്കുകയും ചെയ്യുന്ന ദൈവിക പ്രകാശം ക്രിസ്തുവില്‍ അനാവരണംചെയ്യപ്പെടുന്നതാണ് ജനങ്ങള്‍ കാണുന്നത്.

ലോകത്തിലെ സകല ജനതകളോടും സംസ്കാരങ്ങളോടും വ്യത്യസ്തമായൊരു കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാനുള്ള ക്ഷണമാണ് ഇന്നത്തെ മഹോത്സവം നമുക്കു നല്കുന്നത്. ഈ ലോകത്തിന്‍റെ ദൗര്‍ബല്യങ്ങളോട് കരുണാര്‍ദ്രമാകുന്നതും എന്നാല്‍ അതിന്‍റെ വശ്യഭംഗി ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതുമായ വളരെ ഗഹനവും സ്നേഹമസൃണവുമായൊരു കാഴ്ചപ്പാടാണ് ക്രിസ്തു തന്‍റെ അനുയായികള്‍ക്ക് നല്കുന്നത്. തന്‍റെ കരവിരുതായ ഈ പ്രപഞ്ചത്തോട് ദൈവത്തിനുള്ള അതിയായ കാരുണ്യമാണ് ഇവിടെ തെളിഞ്ഞു നില്ക്കുന്നത്.
“ദൈവമേ, അങ്ങ് എല്ലാവരോടും കരുണ കാണിക്കുന്നു. അവിടുത്തേയ്ക്ക് എന്തും സാദ്ധ്യമാണല്ലോ. മനുഷ്യന്‍ പശ്ചാത്തപിക്കേണ്ടതിന് അവിടുന്ന് അവരുടെ പാപങ്ങളെ അവഗണിക്കുന്നു. എല്ലാറ്റിനേയും അങ്ങ് സ്നേഹിക്കുന്നു. അങ്ങ് സൃഷ്ടിച്ച ഒന്നിനെയും അങ്ങ് ദ്വേഷിക്കുന്നില്ല. ദ്വേഷിച്ചെങ്കില്‍ സൃഷ്ടിക്കുമായിരുന്നില്ല. ജീവനുള്ളവയെ സ്നേഹിക്കുന്ന കര്‍ത്താവേ, സര്‍വ്വവും അങ്ങയുടേതാണ്. അങ്ങ് അവയോടു ദയ കാണിക്കുന്നു”
വിജ്ഞാനം 11, 23-24, 26.

ക്രിസ്തുവിനെ ഇസ്രായേലിന്‍റെ രാജാവായി പ്രഘോഷിക്കുന്നവരുടെ ഹൃദയങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന്, ഇന്നത്തെ സുവിശേഷത്തെ ആധാരമാക്കി നമുക്ക് ആത്മശോധന ചെയ്യാം. പ്രവാചകന്മാര്‍ പ്രഘോഷിച്ചതും ഇസ്രായേല്‍ കാത്തിരുന്നതുമായ രാജാവ് എങ്ങനെ ഉള്ളവനായിരിക്കും എന്നൊരു ധാരണ അവര്‍ക്ക് ഉണ്ടായിരുന്നു. എന്നിട്ടും ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജരൂസലേം ജനതതന്നെ ക്രിസ്തുവിനെ തള്ളിപ്പറയുകയും,
‘അവനെ ക്രൂശിക്കുക,’ എന്ന് ആക്രോശിക്കുകയും ചെയ്തു. ഇതു രണ്ടും കണ്ട ശിഷ്യന്മാര്‍ ഇതിനെല്ലാം മൂകസാക്ഷികളായി അവിടെനിന്നും ഗുരുവിനെ വിട്ട് ഓടി പോവുകയാണുണ്ടായത്.
ഭൂരിപക്ഷം ജനങ്ങളും അന്ന് ക്രിസ്തുവില്‍ കണ്ട മിശിഹായിലും ഇസ്രായേലിന്‍റെ രാജാവിലും നിരാശയരായിരുന്നിരിക്കണം. നസ്രായനായ ക്രിസ്തു ആരാണ്? ദൈവത്തെക്കുറിച്ചും മിശിഹായെക്കുറിച്ചും നമുക്ക് എന്തു ധാരണയാണുളളത്? ഇത് നിര്‍ണ്ണായകവും അനിവാര്യവുമായ ചോദ്യമാണ്. ഇത് ഇന്നത്തെ മഹോത്സവത്തിന്‍റെ കേന്ദ്രസ്ഥായിയുമാണ്.
കുരിശ് തന്‍റെ സിംഹാസനവും മുള്‍മുടി തന്‍റെ കിരീടവുമാക്കിയ ക്രിസ്തുരാജനെ ഈ വിശുദ്ധ വാരത്തില്‍ നമുക്ക് അനുധാവനം ചെയ്യാം. സുഗമമായ ഭൗമിക സൗഭാഗ്യം വാഗ്ദാനംചെയ്യുന്ന മിശിഹായല്ല, സ്വര്‍ഗ്ഗീയ സന്തോഷവും ദൈവിക അഷ്ടഭാഗ്യങ്ങളും വാഗ്ദാനംചെയ്യുന്ന മിശിഹായെയാണ് ക്രിസ്തുവില്‍ നാം കാണേണ്ടത്. ഈ പുണ്യദിനങ്ങളില്‍ ക്രിസ്തുവിനെക്കുറിച്ച് നാം ഉള്ളില്‍ പേറിയെത്തിയിരിക്കുന്ന ആശയും പ്രതീക്ഷയും എന്താണെന്ന് വിലയിരുത്തേണ്ടതാണ്.

ഈ സുദിനത്തില്‍ പ്രത്യേകമായി യുവജനങ്ങളെ അഭിസംബോധചെയ്യുന്നു.
തന്‍റെ പീഡാസഹനത്തിന്‍റെയും കുരിശു മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും രഹസ്യങ്ങളിലൂടെ ക്രിസ്തുവിനെ അനുഗമിക്കാന്‍ സമ്മതം നല്കിക്കൊണ്ട് അവിടുത്തെ നിങ്ങളുടെ ജീവിതത്തിന്‍റെ കേന്ദ്രമാക്കുന്ന നല്ലനാളായിരിക്കട്ടെ ഈ ഓശാന ഞായര്‍.
കര്‍ത്താവില്‍ എപ്പോഴും സന്തോഷിക്കുക (ഫിലിപ്പിയര്‍ 4, 4), എന്ന് യുവജനദിന സന്ദേശത്തില്‍ നിങ്ങളെ അനുസ്മരിപ്പിച്ചപോലെ, ഈ സമ്മതം ജീവിതത്തില്‍ എന്നും നിങ്ങളെ സന്തോഷഭരിതരാക്കട്ടെ.
800 വര്‍ഷങ്ങള്‍ക്കുമുന്‍പ് അസ്സീസിയിലെ ഫ്രാന്‍സിസിനെയും അനുചരന്മാരെയും പിന്‍ചെന്ന വിശുദ്ധ ക്ലാര തന്‍റെ പിതാവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് കര്‍ത്താവിനായി സ്വയം സമര്‍പ്പിച്ചത് ഓശാന മഹോത്സവത്തിലായിരുന്നു. ക്രിസ്തുവിനെ ജീവിതത്തിന്‍റെ യഥാര്‍ത്ഥ ആനന്ദവും സമാധാനവുമായി സ്വീകരിച്ച് ധീരമായ വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ ഇറങ്ങിപ്പുറപ്പെടാന്‍ അന്ന് 18 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ക്ലാരയ്ക്കു സാധിച്ചു.

ഈ വിശുദ്ധവാരത്തില്‍ നമ്മുടെ ഹൃദയങ്ങളില്‍ രണ്ടു വികാരങ്ങള്‍ ഉയര്‍ന്നു നില്ക്കട്ടെ.
ഒന്ന്, ഓശാന പാടി ക്രിസ്തുവിനെ ജരൂസലേമില്‍ സ്വീകരിച്ച ജനാവലിയുടെ ആനന്ദവും;
രണ്ട്, മനുഷ്യകുലത്തിനുള്ള അമൂല്യ ദാനമായി തന്‍റെ തിരുശരീര രക്തങ്ങള്‍ നമുക്കായി പകര്‍ന്നുതന്ന ക്രിസ്തുവിനോടുള്ള നന്ദിയും. ഈ ദിനങ്ങളിലെ നമ്മുടെ ആത്മാര്‍ത്ഥമായ ധ്യാനവും പ്രാര്‍ത്ഥനയുംവഴി മനുഷ്യകുലത്തിനായി പീഡകള്‍ സഹിച്ച്, മരിച്ച് ഉത്ഥാനംചെയ്ത ക്രിസ്തുവുമായി ആഴമായൊരു ആത്മീയ ഐക്യത്തിലേയ്ക്കു വളര്‍ന്നുകൊണ്ട്, ഈ അമൂല്യ ദാനത്തോട് പ്രത്യുത്തരിക്കാം. ജരൂസലേം ജനത ക്രിസ്തുവിന്‍റെ വഴിയില്‍ വിരിച്ച വസ്ത്രങ്ങള്‍പോലെ, നമ്മുടെ ജീവിതങ്ങളെയും നമ്മെത്തന്നെയും കൃതജ്ഞതയുടേയും ആരാധനയുടേയും വസ്ത്രങ്ങളായി വിരിക്കണമെന്നാണ്, സഭാ പിതാക്കന്മാര്‍ പഠിപ്പിക്കുന്നത്.
ഏതാനും നിമിഷങ്ങളില്‍ വാടിപ്പോകുന്ന കുരുത്തോലയോ മരച്ചില്ലകളോ അല്ല നാം ക്രിസ്തുവിന്‍റെ തൃപ്പാദങ്ങളില്‍ വയ്ക്കേണ്ടത്, മറിച്ച് നമ്മെത്തന്നെയും നമ്മുടെ എളിയ ജീവിതങ്ങളെയും അവിടുത്തെ പാദപീഠത്തില്‍ സമര്‍പ്പിക്കേണ്ടത്, എന്നാണ് സഭാ പിതാവും ക്രീറ്റിലെ മെത്രാനുമായിരുന്ന വിശുദ്ധ ആന്‍ഡ്രൂ പറഞ്ഞിട്ടുള്ളത്. ക്രിസ്തുവിനെയും അവിടുത്തെ കൃപാവരത്തെയും വസ്ത്രമായി അണിഞ്ഞിട്ടുള്ള നമുക്ക്, മരണത്തെ കീഴ്പ്പെടുത്തി പുനരുത്ഥാന വിജയം വരിച്ച അവിടുത്തെ തൃപ്പാദങ്ങളില്‍ കുരുത്തോലകളല്ല, ഒലുവു ചില്ലകളുമല്ല, നമ്മെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കാം. നമ്മുടെ ആത്മീയതയുടെ നിറചില്ലകളുയര്‍ത്തി ഇന്ന് ഹെബ്രായ കുട്ടികള്‍ക്കൊപ്പം നമുക്കും ആര്‍ത്തു പാടാം, “കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്ന ഇസ്രായേലിന്‍റെ രാജാവ് അനുഗ്രഹീതന്‍!” ആമ്മേന്‍.
TAG