വി. ജെമ്മ ഗല്‍ഗാനി ( 1878 1903)1878 മാര്‍ച്ച് 12ാം തിയ്യതി ഇറ്റലിയില്‍ ലൂക്കായ്ക്കു സമീപം കമിലിയാനോ എന്ന ഗ്രാമത്തില്‍ ജെമ്മാ ജനിച്ചു. കുട്ടി ജനിച്ച് ഒരു മാസം കഴിഞ്ഞ് പിതാവ് ലൂക്കായിലേയ്ക്ക് താമസം മാറ്റി. ദൈവസ്നേഹം മുറ്റിനിന്നിരുന്ന അവളുടെ കുടുംബത്തില്‍ നിന്നു തന്നെ ജെമ്മ പരിപൂര്‍ണ്ണതയുടെ പ്രാഥമിക പാഠങ്ങള്‍ അഭ്യസിച്ചു. വി. സീത്തായുടെ സഹോദരിമാര്‍ നടത്തിയിരുന്ന വിദ്യാലയത്തിലാണ് ജെമ്മ പഠിച്ചത്. പ്രാര്‍ത്ഥനയോടു പ്രതിപത്തിയും പീഢാനുഭവത്തോട് പ്രത്യേക ഭക്തിയും വിദ്യാലയത്തില്‍ വെച്ച് അവള്‍ നേടി. മുട്ടിന്മേല്‍ നിന്ന് ഒരു ജപമാല മുഴുവനും അവള്‍ ചൊല്ലിയിരുന്നു. പതിനാറാമത്തെ വയസ്സില്‍ തിരുസഭാചരിത്രത്തിനും മതപഠനത്തിനുമുള്ള സ്വര്‍ണ്ണമെഡല്‍ അവള്‍ക്കു ലഭിച്ചു. ഒഴിവുസമയങ്ങളില്‍ ദരിദ്രരായ കുട്ടികളെ പഠിപ്പിക്കാനും ദരിദ്രര്‍ക്ക് അവരുടെ ഭവനങ്ങളില്‍ സഹായമെത്തിക്കാനും അവര്‍ ചെലവഴിച്ചുകൊണ്ടിരുന്നു. അനുസ്യൂതമായ പ്രാര്‍ത്ഥനയായിരുന്നു അവളുടെ ജീവിതം. കുരിശുരൂപമാണ് അവള്‍ പാരായണം ചെയ്തിരുന്ന ഗ്രന്ഥം.
           ജെമ്മയ്ക്ക് 20 വയസ്സുള്ളപ്പോള്‍  പിതാവ് മരിച്ചു. അന്ന് ഗല്‍ഗാനി കുടുംബം ദാരിദ്യ്രത്തിന്‍റെ വക്കിലെത്തിയിരുന്നു. ജെമ്മായുടെ നട്ടെല്ലിന് ക്ഷയവും വന്നുകൂടി. 1899 ഫെബ്രുവരിയില്‍  അവളുടെ സുഖക്കേട് മാറുകയില്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പട്ടു.വ്യാകുലമാതാവിന്‍റേയും വി. ഗബ്രിയേലിന്‍റേയും ജീവചരിത്രം വായിച്ചതിന്‍റെ ഫലമായി പീഢാനുഭവഭക്തി അവളില്‍ ഒന്നുകൂടി ശക്തി പ്രാപിച്ചു. വി. ഗബ്രിയേല്‍ പലപ്പോഴും അവള്‍ക്ക് പ്രത്യക്ഷപ്പെടുമായിരുന്നു. മാര്‍ച്ച് മാസത്തിലെ ആദ്യവെള്ളിയാഴ്ച ഡോക്ടര്‍മാരെ അത്ഭുതസ്തബ്ധരാക്കത്തക്കവിധം അവള്‍ സൗഖ്യം പ്രാപിച്ചു.
           സൗഖ്യപ്രാപ്തിക്കുശേഷം ഒരു മഠത്തില്‍ ചേരാനാഗ്രഹിച്ചുവെങ്കിലും രോഗം പൂര്‍ണ്ണമായി സുഖപ്പെടുമോ എന്ന സംശയം നിമിത്തം ആരും അവളെ ചേര്‍ത്തില്ല. അക്കാലത്താണ് കര്‍ത്താവ് തന്‍റെ അഞ്ചു തിരുമുറിവുകള്‍ അവളില്‍ പതിപ്പിച്ചത്. അവസാനമായി പാഷനിസ്റ്റു സഭയില്‍ ചേരാന്‍ പരിശ്രമിച്ചു. അവരും അവളെ സ്വീകരിച്ചില്ല. എങ്കിലും പാഷനിസ്റ്റുസഭയിലെ നമസ്കാരങ്ങളെല്ലാം അവള്‍ ചൊല്ലിക്കൊണ്ടിരുന്നു. അവസാനം അവള്‍ പറഞ്ഞു ഞാന്‍ ഇനി ഒരു സഭയിലും ചേരുന്നില്ല. ഒരു പാഷനിസ്റ്റു കന്യാസ്ത്രീയുടെ ഉടുപ്പും കയ്യില്‍ പിടിച്ചുകൊണ്ട് ഈശോ സ്വര്‍ഗ്ഗത്തിന്‍റെ വാതില്‍ക്കല്‍ എന്നെ കാത്തു നില്‍ക്കുന്നു.
       ജെമ്മ ഗല്‍ഗാനിക്ക് കാവല്‍ മാലാഖയോട് വലിയ ഭക്തിയുണ്ടായിരുന്നു. പല സേവനങ്ങളും മാലാഖ ചെയ്തുകൊടുത്തിരുന്നുവെന്ന് പറയുന്നുണ്ട്.
       1902ല്‍ ക്ഷയം വീണ്ടും പിടിപ്പെട്ടു. 1903 ഏപ്രില്‍ 11ാം തിയ്യതി         25ാമത്തെ വയസ്സില്‍ ജെമ്മ ക്രൂശിതനായ നാഥനിലേയ്ക്ക് യാത്രതിരിച്ചു. 1940ല്‍ വിശുദ്ധയെന്ന് പ്രഖ്യാപിക്കപ്പെട്ടു. പരിശുദ്ധ കന്യകേ എന്നെ ഒരു പുണ്യവതിയാക്കണമേ എന്നുള്ള അവളുടെ പ്രാര്‍ത്ഥന ഫലമണിഞ്ഞു.   


ചീര്: സ്തോത്രം ആലപിക്കുന്ന എന്നര്‍ത്ഥമുള്ള ചീരുപാടുക എന്ന ശൈലി മലയാളത്തിലുണ്ട്. ഹീബ്രുവിലെ ശീറ് എന്ന പദമാണ് മലയാളത്തില്‍ ചീര് എന്ന് മാറിയത്. സ്തോത്രം, കീര്‍ത്തനം എന്നിങ്ങനെയാണ് ആ പദത്തിന്‍റെ അര്‍ത്ഥം.
ചെമ്മദോര്‍: ഏ. ഡി. 1500 മുതല്‍ കേരളത്തില്‍ ഉപയോഗിക്കുന്ന വാക്കാണ് ചെമ്മദോര്‍. വിളിക്കുന്നവന്‍ എന്നാണ് പോര്‍ത്തുഗീസില്‍ നിന്നു വന്ന ആ വാക്കിന്‍റെ അര്‍ത്ഥം. കോംന്പ്രെരിയ എന്നറിയപ്പെടുന്ന സന്നദ്ധസേവാസംഘത്തിലെ ഒരു ഉദ്യോസ്ഥന്‍റെ പേരാണ് ചെമ്മദോര്‍. സംഘാംഗങ്ങളെ വിളിച്ചുകൂട്ടുകയാണ് അയാളുടെ ജോലി.
ചോനാക്കുളം: ഗ്രീക്കിലെ ഥോയ്നേ എന്ന വാക്കില്‍ നിന്നാണ് വിരുന്ന് എന്നര്‍ത്ഥമുള്ള ചേനാ (രീലിമ) എന്ന വാക്കുണ്ടായത്. ചേനാക്കുളം (രീലിമരൗഹൗാ) എന്ന ലത്തീന്‍ വാക്കിന് ഊട്ടുശാല എന്നാണ് അര്‍ത്ഥം.
                                     മേരിറാണി മഠം, പാവറട്ടി.

TAG