നടയ്ക്കല്‍ മേളം ആസ്വാദകരുടെ മനം കവര്‍ന്നു

പാവറട്ടി: തീര്‍ഥകേന്ദ്രം തിരുനാളിനോടനുബന്ധിച്ച് വടക്കു സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നടയ്ക്കല്‍ മേളം ആസ്വാദകരുടെ മനം കവര്‍ന്നു. മേള വിദ്വാന്‍ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും 100ഓളം കലാകാരന്മാരും ചേര്‍ന്നായിരുന്നു നടയ്ക്കല്‍ മേളം അവതരിപ്പിച്ചത്. ഐജി ജോസ് ജോര്‍ജ് നടയ്ക്കല്‍ മേളം ഉദ്ഘാടനം ചെയ്തു. 

തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന്‍ അധ്യക്ഷനായിരുന്നു. എം.ജെ. ലിയോ, കെ.ജെ. ജയിംസ്, ജോയി വെള്ളറ, പി.പി. രാജു, ജോണ്‍ ടി. വെള്ളറ തുടങ്ങിയവര്‍ സംസാരിച്ചു. മേള പ്രേമികളെ ആവേശം കൊള്ളിച്ച് മട്ടന്നൂരിന്‍റെ ശരീര ചലനങ്ങളും ഭാവമാറ്റങ്ങളും തിരുനാളിനെത്തിയ മേള പ്രേമികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി. പള്ളി നടയിലെ കൊടിമരത്തിനു സമീപത്തുനിന്നും മേളം ആരംഭിച്ച് ചെന്പട കൊട്ടി പാണ്ടിയിലേക്ക് കടന്ന് ദേവാലയ മൈതാനിയിലെത്തിയപ്പോള്‍ മേളാസ്വാദകരുടെ ആവേശം വാനോളം ഉയര്‍ന്നിരുന്നു. ഇത് മൂന്നാം തവണയാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മേള വിസ്മയം തീര്‍ക്കാന്‍ പാവറട്ടി തിരുനാളിനെത്തുന്നത്.
TAG