വിശ്വാസ മൂല്യങ്ങളെ തച്ചുടയ്ക്കുന്ന മാധ്യമ സംസ്കാരം

വിശ്വാസ മൂല്യങ്ങളെ തച്ചുടയ്ക്കുന്ന മാധ്യമ സംസ്കാരം വ്യാപിക്കുന്നുവെന്ന്‌ കെസിബിസി ജനറല്‍ സെക്രട്ടറിയും തൃശൂര്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌. പാലാരിവട്ടം പിഒസിയില്‍ ആരംഭിച്ച ആഗോള കത്തോലിക്കാ ദൃശ്യ-ശ്രാവ്യ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ സിഗ്്നിസിന്റെ ഇന്ത്യന്‍ വിഭാഗത്തിന്റെ ദേശീയ അസംബ്ലിയും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ തങ്ങളുടെ കാഴ്ചക്കാരുടെയും വായനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിനായി പരമ്പരാഗത വിശ്വാസങ്ങളെയും മൂല്യങ്ങളെയും സംസ്കാരത്തെയും കാറ്റില്‍പ്പറത്തുന്നു. കുടുംബ ബന്ധങ്ങളെ തള്ളിപ്പറയുകയും വിവാഹേതര ബന്ധങ്ങള്‍ ക്കും അക്രമങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുകയും ചെയ്യുന്നു.മാധ്യമങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം കണ്ടറിഞ്ഞ്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതിനായി ചാനലുകള്‍ തുടങ്ങുന്നു. വ്യവസായം മാത്രം ലക്ഷ്യം വച്ചുകൊണ്ട്‌ വന്‍കിട ബിസിനസുകാരും ഈ രംഗത്തേക്കു കടന്നു കയറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ സത്യവിശ്വാസങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്ന കടമയുണ്ട്‌. യുവാക്കള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഇന്ന്‌ ഇന്റര്‍നെറ്റ്‌-ടിവി മാധ്യമങ്ങള്‍ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്‌. അക്രമവും അരാജകത്വവും ഇവര്‍ക്കിടയില്‍ പടര്‍ന്നുകയറാന്‍ ഇത്തരത്തിലുള്ള മാധ്യമങ്ങള്‍ കാരണമാകുന്നുണ്ട്‌. ഇതിനെതിരേ ഫലപ്രദമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്‌. കൃത്യമായ ഒരു മാധ്യമ അവബോധവും പോസിറ്റീവ്‌ തിങ്കിംഗ്‌ കാഴ്ചപ്പാടും ഉണ്ടാക്കിയെടുക്കേണ്ടത്‌ അത്യാവശ്യമാണെന്നും ക്രൈസ്തവ മാധ്യമങ്ങള്‍ക്ക്‌ അതിനുള്ള ബാധ്യത ഉണ്ടെന്നും ആര്‍ച്ച്‌ ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.സിഗ്്നിസ്‌ ഏഷ്യയുടെ പ്രസിഡന്റ്‌ ലോറന്‍സ്‌ ജോണ്‍ വിശിഷ്ടാതിഥിയായിരുന്നു. സത്യദീപം (ഇംഗ്ലീഷ്‌) ചീഫ്‌ എഡിറ്ററും സീ റോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവുമായ റവ.ഡോ.പോള്‍ തേലക്കാട്ട്‌ മുഖ്യപ്രഭാഷണം നടത്തി.കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, ഫാ.ദേവസി കൊല്ലംകുടി, സിബി യോഗ്യാവീടന്‍, ലോറന്‍സ്‌ ജോണ്‍, ഡോ.ജോണി പോള്‍, ഫാ.റപ്പായി എന്നിവര്‍ പ്രസംഗിച്ചു. കേരള സര്‍ക്കാര്‍ രണ്ടാമത്തെ ഏറ്റവും നല്ല ടെലിവിഷന്‍ പരമ്പരയായി തെരഞ്ഞെടുത്ത അല്‍ഫോന്‍സാമ്മയുടെ സംവിധായകനും ശാലോം ടിവി ചീഫ്‌ പ്രൊഡ്യൂസറുമായ സിബി യോഗ്യവീടന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ സിഗ്്നിസ്‌ മീഡിയ അവാര്‍ഡ്‌ സമ്മാനിച്ചു. സെമിനാറില്‍ ബിജു ആലപ്പാട്ട്‌, ജാന്‍ മേരി വര്‍ഗീസ്‌, ഡോ.സി.കെ തോമസ്‌ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പാനല്‍ ചര്‍ച്ചകളില്‍ റോമി മാത്യു, ടി.എം ഏബ്രഹാം, ഇഗ്നേഷ്യസ്‌ ഗോണ്‍സാല്‍വസ്‌, പീറ്റര്‍ ജോസഫ്‌ എന്നിവര്‍ പങ്കെടുത്തു. ഇന്ന്‌ രാവിലെ എട്ടര മുതല്‍ മാധ്യമ പ്രത്യാഘാതങ്ങളെകുറിച്ചുള്ള ശില്‍പശാല നടക്കും. ഡോ.എഡ്വേര്‍ഡ്‌ എടേഴത്ത്‌, ജിപ്സണ്‍ വിവേര എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായിരിക്കും. സമാപനചടങ്ങില്‍ അവലോകനങ്ങള്‍ക്ക്‌ ഡോ.മഹിമൈ പ്രകാശം നേതൃത്വം നല്‍കും. എഴിനും എട്ടിനും സിഗ്്നിസ്‌ ഇന്ത്യയുടെ ദേശീയ അസംബ്ലിയും ജനറല്‍ ബോഡിയും നടക്കും.
TAG