ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍

കാക്കശേരി സെന്‍റ് മേരീസ് ദേവാലയത്തിലെ അള്‍ത്താരയ്ക്കുമുന്നില്‍വച്ച് ഊമപ്പെണ്ണിനെ ഉരിയാടാപയ്യന്‍ മിന്നുകെട്ടി വധുവായി സ്വീകരിച്ചു. കാക്കശേരി എടക്കളത്തൂര്‍ ജോസിന്‍റെയും ഫിലോമിനയുടെയും മകന്‍ സിജോയും മാള കുഴൂര്‍ പാറശേരി ഫ്രാന്‍സിസിന്‍റെയും കൊച്ചു ത്രേസ്യായുടെയും മകള്‍ ഫ്രാന്‍സിസുമാണ് വിവാഹിതരായത്.

പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസ് പുന്നോലിപറന്പില്‍, മുന്‍ വികാരി ഫാ. പോള്‍ പയ്യപ്പിള്ളി എന്നിവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. കൈപറന്പിലെ സ്വകാര്യ പ്രസില്‍ പ്രിന്‍ററായി ജോലി ചെയ്യുകയാണ് സിജോ. കുന്നംകുളത്ത് എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ സിജോ തിരുവനന്തപുരത്ത് പ്രിന്‍റിംഗ് ടെക്നോളജിയില്‍ തൊഴില്‍ പരിശീലനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ഫ്രാന്‍സി ഇപ്പോള്‍ മാള എല്‍.ബി.എസില്‍ കംപ്യൂട്ടര്‍ കോഴ്സിന് പഠിക്കുകയാണ്. സിജോയുടെ സഹോദരന്‍ ഷിജോയുടെ വിവാഹവും ഒന്നിച്ചാണ് നടന്നത്.

കാക്കശേരി പള്ളിയില്‍ നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളെകൂടാതെ മൗനത്തിന്‍റെ ലോകത്തുള്ള വരന്‍റെയും വധുവിന്‍റെയും ഒട്ടേറെ സുഹൃത്തുക്കളും എത്തിയിരുന്നു. നിശബ്്ധതയുടെ താഴ്വാരത്തുനിന്നും ഹൃദയസ്നേഹത്തിന്‍റെ കൊടുമുടിയിലേക്ക് സിജോയും ഫ്രാന്‍സിയും ഇനി ഒന്നിച്ച്.
TAG