ദീപാലങ്കാര സ്വിച്ച്ഓണ്‍ കര്‍മം ഇന്ന്


വിശുദ്ധ യൗസേപ്പിതാവിന്‍റെ മാധ്യസ്ഥതിരുനാളിനോടനുബന്ധിച്ചുള്ള ദേവാലയ ദീപാലങ്കാരത്തിന്‍റെ സ്വിച്ച്ഓണ്‍കര്‍മം ഇന്ന് രാത്രി എട്ടിന് നടക്കും.

സ്വിച്ച്ഓണ്‍കര്‍മം നിര്‍വഹിക്കുന്നതോടെ ദേവാലയത്തിന്‍റെ തിരുനെറ്റിയില്‍ ഒരു ലക്ഷത്തില്‍പരം ബഹുവര്‍ണദീപങ്ങള്‍ പ്രഭചൊരിയും. തുടര്‍ന്ന് പാവറട്ടി ഇടവകയിലെ ഇലക്ട്രിക്കല്‍ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് നടക്കും.

നാളെ രാവിലെ 10-ന് നടക്കുന്ന നൈവേദ്യപൂജയ്ക്ക് ഫാ. ആന്‍റോ ഒല്ലൂക്കാരന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നേര്‍ച്ചഭക്ഷണ ആശീര്‍വാദവും നേര്‍ച്ചയൂട്ടും നടക്കും.

ഒന്നരലക്ഷത്തോളം പേര്‍ക്ക് നേര്‍ച്ചഊട്ട് കഴിക്കുന്നതിനുള്ള സൗകര്യങ്ങള്‍ തീര്‍ഥകേന്ദ്രം പാരീഷ് ഹാളില്‍ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് 5.30-ന് നടക്കുന്ന സമൂഹദിവ്യബലിക്ക് അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ കൂടുതുറക്കല്‍ ശുശ്രൂഷ. ഇതേ തുടര്‍ന്ന് പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കരിമരുന്ന് പ്രയോഗം. രാത്രി 12 മണിയോടെ വിവിധ കുടുംബകൂട്ടായ്മകളില്‍നിന്നുള്ള വള, ലില്ലി എഴുന്നള്ളിപ്പുകള്‍ തീര്‍ഥകേന്ദ്രത്തിലെത്തി സമാപിക്കും. തുടര്‍ന്ന് തെക്കും വടക്കും വിഭാഗങ്ങളുടെ കരിമരുന്ന് പ്രയോഗം. തിരുനാള്‍ ദിവസമായ ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മുതല്‍ ഒന്പതുവരെ തുടര്‍ച്ചയായി ദിവ്യബലി. 10-ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ഗാനപൂജയ്ക്ക് ഫാ. വില്‍സന്‍ പിടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോയ് കടന്പാട്ട് തിരുനാള്‍ സന്ദേശം നല്‍കും. ഇതേ തുടര്‍ന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകന്പടിയോടെ ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം. പ്രദക്ഷിണം ആരംഭിക്കുന്നതിന് തൊട്ടുമുന്പായി ഇടവകയിലെ സിമന്‍റ്, പെയിന്‍റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ട് നടക്കും.
TAG